ന്യൂഡെൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്, പാർലമെന്ററി കാര്യവകുപ്പ് സഹമന്ത്രി എൽ. മുരുഗൻ മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവെച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം രാജിക്കാര്യം പങ്കുവെച്ചത്. മന്ത്രിസഭാ അഴിച്ചുപണിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രമന്ത്രിയുടെ രാജി.
തമിഴ്നാട്ടിൽ പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ ബിജെപി സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി തന്റെ മന്ത്രിസഭാ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും രാജ്യസഭാംഗത്വം രാജിവെക്കാൻ അനുവാദം നൽകണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
”ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ നേതൃത്വത്തിൽ ഭാരതമാതാവിനെയും തമിഴ്നാടിനെയും സേവിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളുടെ മകനിൽ നിന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിസഭയിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. ഇപ്പോൾ എനിക്ക് താഴെത്തട്ടിലേക്ക് മടങ്ങാനും നമ്മുടെ പ്രവർത്തകർക്കൊപ്പം നിൽക്കാനും ആഗ്രഹമുണ്ട്. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി മുഴുവൻ സമയവും എന്നെത്തന്നെ അർപ്പിക്കാനും ആഗ്രഹമുണ്ട്”- മുരുഗൻ എക്സിൽ കുറിച്ചു.
2021ലാണ് മുരുഗൻ ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2024ൽ മധ്യപ്രദേശിൽ നിന്നാണ് രാജ്യസഭയിലെത്തിയത്. കേന്ദ്ര മന്ത്രിസഭയിൽ ഉടൻ പുനഃസംഘടന നടക്കുമെന്നാണ് സൂചന. ദീപാവലിക്ക് മുമ്പായി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രിമാരായ രവ്നീത് സിങ് ബിട്ടുവും ജോർജ് കുര്യനും രാജിവെച്ചിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































