ന്യൂഡെൽഹി: 2019 മുതൽ ജമ്മു കശ്‌മീരിൽ ഭീകരപ്രവർത്തനങ്ങളിൽ 70% ഇടിവെന്ന് കേന്ദ്ര സർക്കാർ. പാർലമെന്ററി സ്‌റ്റാൻഡിങ് കൗൺസിലിന് മുന്നിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്‌തമാക്കിയത്. നരേന്ദ്രമോദി സർക്കാരിന്റെ ഭരണം മുതലാണ് ഭീകരപ്രവർത്തനങ്ങളിൽ ഇടിവ് വന്നതെന്നും കേന്ദ്രം വ്യക്‌തമാക്കി.
എന്നാൽ, കഴിഞ്ഞ അഞ്ചു വർഷങ്ങളായി തീവ്രവാദ കേസുകളിൽ കുറവുണ്ടെങ്കിലും ലഷ്‌കറെ ത്വയിബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരവാദ ഗ്രൂപ്പുകളിൽ നിന്നും ഭീഷണി തുടരുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി മോഹൻ വ്യക്‌തമാക്കി. നരേന്ദ്രമോദി സർക്കാർ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് ജനങ്ങളുടെ സുരക്ഷയ്‌ക്കാണെന്നും സുരക്ഷാ ഉദ്യോഗസ്‌ഥർ അതിന് അതീവ പ്രാധാന്യം നൽകുന്നതായും ഗോവിന്ദ് മോഹൻ പാനലിന് മുമ്പാകെ പറഞ്ഞു.
2019 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ നേരിടേണ്ടിവന്ന ഭീകരവാദ ആക്രമണങ്ങളുടെ കണക്കുകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കിയിട്ടുണ്ട്. ഇക്കാലയളവിൽ ഭീകരവാദ ആക്രമണങ്ങളിൽ 50 പൗരൻമാർ കൊല്ലപ്പെട്ടു. എന്നാൽ, 2024ൽ അത് 14ലേക്ക് ചുരുങ്ങി. 2019ൽ ജനങ്ങൾക്ക് നേരെ 73 ആക്രമണങ്ങൾ നടന്നു. എന്നാൽ, ഈ വർഷം ഇതുവരെ അത് 10 എണ്ണമായി ചുരുങ്ങി.
2019ൽ ജമ്മു കശ്‌മീരിൽ 286 ഭീകരപ്രവർത്തന കേസുകൾ റിപ്പോർട് ചെയ്‌തു. എന്നാൽ, ഈ വർഷം ഇതുവരെ റിപ്പോർട് ചെയ്‌തത് 40 എണ്ണമാണ്. 2019ൽ സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് നേരെ 96 ആക്രമണങ്ങൾ ഉണ്ടായി. 2020ൽ 111 ആയി. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ ഇത് ക്രമാതീതമായി കുറഞ്ഞതായി കാണാം. 2021ൽ 95, 2022ൽ 65, 2023ൽ 15, 2024ൽ ഇതുവരെ 5 എന്നിങ്ങനെയാണ് കണക്ക്.
2019ൽ 77 സുരക്ഷാ ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു. 2020ൽ 58 സുരക്ഷാ ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു. 2021ൽ 29, 22ൽ 26, 23ൽ 11, 2024ൽ 7 എന്നിങ്ങനെയാണ് കണക്ക്. 2019ലാണ് ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന 370ആം അനുച്ഛേദം കേന്ദ്രസർക്കാർ റദ്ദാക്കിയത്. പിന്നാലെ കശ്‌മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റി. ഇതോടെ സംസ്‌ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയും ക്രമസമാധാനപാലനവും കേന്ദ്രത്തിന്റെ ഉത്തരവാദിത്തത്തിന് കീഴിലാണ്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’