കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്കൂട്ടറിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതികളായ സുഹൈൽ സജീവ് ഉൾപ്പടെ നാലുപേരെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് അഞ്ചുമണിവരെയാണ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
പ്രതികളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. കൊലപാതക കുറ്റത്തിന്റെ പരിധിയിൽ വരുന്ന ഗൂഡാലോചനയോ മുൻവൈരാഗ്യമോ അപകടത്തിന് പിന്നിലുണ്ടോ എന്ന് വ്യക്തമാകുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് എന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, പ്രതികളുടെ പ്രായം ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഭാഗം അഭിഭാഷകർ വാദിച്ചത്.
ദൗർഭാഗ്യകരമായ ഒരു വാഹനാപകടം മാത്രമാണിത്. ഇതിലേക്ക് മനഃപൂർവമായ നരഹത്യയുടെ വകുപ്പുകൾ ചേർക്കാനുള്ള ശ്രമം നിയമപരമായി നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത 19 വയസുള്ള ചെറുപ്പക്കാരാണ് പ്രതികളെന്നും മാദ്ധ്യമ ശ്രദ്ധ നേടാൻ വേണ്ടി മാത്രമാണ് ഗൂഡലോചനാ കഥകൾ മെനഞ്ഞതെന്നും പ്രതിഭാഗം വാദിച്ചു.
മൂന്നുപേർ ഒരേ സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ റോഡിന്റെ മധ്യഭാഗത്തിനടുത്ത് കൂടി സഞ്ചരിച്ചതാണ് അപകടകാരണമെന്നും മുന്നിലെ കാഴ്ച വ്യക്തമല്ലാത്ത ഒരു വളവിലാണ് അപകടം നടന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, മദ്യപിച്ച് വാഹനമോടിച്ചാൽ അപകടം ഉണ്ടാകും എന്ന് അറിയാത്തവരാണോ പ്രതികൾ എന്ന് പ്രോസിക്യൂഷൻ ചോദിച്ചു.
പ്രതികളെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണം സംഘത്തിന്റെ തീരുമാനം. നേരത്തെ സുഹൈലുമൊത്ത് അപകടം നടന്ന സ്ഥലത്ത് പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. അപകടം ഉണ്ടായ ദിവസം സുഹൈലും സുഹൃത്തുക്കളും സന്ദർശിച്ച പാലാരിവട്ടത്തെയും വൈറ്റിലയിലെയും നെടുമ്പാശേരിയിലെയും ബാറുകളിലും തെളിവെടുപ്പിനായി എത്തിക്കും.
അതേസമയം, സുഹൈൽ മദ്യപിച്ചിരുന്നു എന്നത് എഫ്ഐആറിൽ ഒഴിവാക്കിയതിനെതിരെ വലിയ വിമർശനം ഉയർന്നു. റിമാൻഡ് റിപ്പോർട്ടിൽ മദ്യപിച്ചിരുന്നു എന്ന കാര്യം പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ആലുവ റൂറൽ എസ്പി കെഎസ് സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല.
Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി






































