കൊച്ചി: മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. നവംബർ മൂന്നുമുതൽ സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ചു.
കെഎസ്ആർടിസിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ സർവീസ് ആരംഭിച്ചതിന് ശേഷം സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്നും നാലുമാസത്തിനിടെ 800 കോടി രൂപയുടെ നഷ്ടമുണ്ടായതായും സംയുക്ത സമരസമിതി ചൂണ്ടിക്കാട്ടി.
വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി അടിയന്തര നടപടി ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും സമരസമിതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് എറണാകുളത്ത് ചേർന്ന സംയുക്ത സമിതി യോഗത്തിൽ നവംബർ മൂന്നുമുതൽ അനിശ്ചിതകാല സർവീസ് നിർത്തിവെക്കൽ സമരം പ്രഖ്യാപിച്ചത്.
ഓൾ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, കേരള ബസ് ഓപ്പറേറ്റേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി, കേരള പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രധാന ആവശ്യങ്ങൾ
- സ്ത്രീ സൗജന്യ യാത്ര സ്വകാര്യ ബസുകളിലും നടപ്പിലാക്കി തത്തുല്യമായ തുക ഉടമകൾക്ക് സർക്കാർ നൽകുക.
- രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക.
- മിനിമം ബസ് യാത്രാനിരക്ക് 15 രൂപയായി ഉയർത്തുക.
- ഡീസൽ വിലയിലെ നികുതി സ്വകാര്യ ബസുകൾക്ക് ഒഴിവാക്കി കൊടുക്കുക.
- ഓൺലൈൻ ടൈമിങ് കോൺഫറൻസ് ഉത്തരവ് പിൻവലിക്കുക.
- ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷൻ നിർത്തലാക്കുക
- ഗ്രാമ വണ്ടികൾ സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത റൂട്ടുകളിലേക്ക് മാത്രമാക്കുക.
- ബസുകളുടെ കാലാവധി വർധിപ്പിക്കുക.
- ഇൻഷുറൻസ് സർക്കാർ ഏറ്റെടുക്കുക.
Most Read| ഇനി വിളിക്കുന്നത് ആരെന്നറിയാം; ഇന്ത്യയിൽ ‘കോളർ ഐഡി’ നിർബന്ധമാക്കി



































