ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; അന്തിമഘട്ടത്തിലെന്ന് മാർക്കോ റൂബിയോ, നാളെ ചർച്ച

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാളെ മുംബൈയിൽ വെച്ച് കൂടിക്കാഴ്‌ച നടത്തും.

By Senior Reporter, Malabar News
US Secretary of State Marco Rubio
Marco Rubio (Image Source: NBC News)

ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഒക്‌ടോബർ 20ന് (നാളെ) മുംബൈയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടക്കുന്ന നിർണായക കൂടിക്കാഴ്‌ചയ്‌ക്ക് മുന്നോടിയായാണ് റൂബിയോയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയും യുഎസും തമ്മിലുള്ള ഇടക്കാല വാണിജ്യ കരാറിന്റെ ആദ്യഘട്ടം പൂർത്തിയായതായും നിയമപരമായ കരട് രൂപീകരണം നടക്കുകയാണെന്നും നേരത്തെ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ വ്യക്‌തമാക്കിയിരുന്നു. കരാർ ഉടൻ പ്രാബല്യത്തിൽ വരുത്താനാകുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതീക്ഷ.

റഷ്യക്കെതിരെയുള്ള ഉപരോധങ്ങളിൽ അമേരിക്ക നൽകുന്ന ഇളവുകളെ കുറിച്ചും റൂബിയോ പ്രതികരിച്ചു. ആഗോള ഊർജ വിതരണത്തെയും എണ്ണവിലയെയും പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് ഇളവുകൾ അനുവദിക്കുന്നത്. ഭൂമിശാസ്‌ത്രപരമായ കാരണങ്ങളാൽ ബദൽ ഊർജ സ്രോതസ്സുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന രാജ്യങ്ങളുടെ സാഹചര്യങ്ങൾ യുഎസ് കണക്കിലെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാളെ നടക്കുന്ന ജയശങ്കർ- റൂബിയോ കൂടിക്കാഴ്‌ചയിൽ ഊർജം, വാണിജ്യം, നിക്ഷേപം, പ്രതിരോധം, അത്യാധുനിക സാങ്കേതിക വിദ്യകൾ, ഉഭയകക്ഷി സഹകരണം ചർച്ചയായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിൽ വാഷിങ്‌ടണിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഉഭയകക്ഷി വാണിജ്യ കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചത്.

2030ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലധികമായി ഉയർത്തുകയായിരുന്നു പ്രധാന ലക്ഷ്യം. 2026 ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും ഒരു ഇടക്കാല വാണിജ്യ കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അന്തിമ കരാറിലെത്താൻ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് വ്യക്‌തമാക്കിയിരുന്നു.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE