തിരുവനന്തപുരം: എസ്എംഎ (സ്‌പൈനൽ മസ്‌കുലർ അട്രോഫി) മരുന്നുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ രംഗത്ത്. രോഗികൾക്ക് ഇതുവരെ നൽകിവന്ന മരുന്ന് മാറ്റി പുതിയ മരുന്ന് നൽകാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്‌തമാക്കി.
രക്ഷിതാക്കൾ തന്നോട് മരുന്ന് മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സാങ്കേതിക വിദഗ്‌ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ഇപ്പോഴത്തെ ഇന്ത്യൻ നിർമിത മരുന്ന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ മരുന്നിനെക്കുറിച്ച് ഇതുവരെയും ആക്ഷേപങ്ങളൊന്നും ഉണ്ടായിട്ടില്ല.
പുതിയ മരുന്ന് ഉപയോഗിക്കാനുള്ള തീരുമാനം എടുത്തതും സാങ്കേതിക സമിതി കൂടിയതും കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അതിന്റെ ഉത്തരവിറങ്ങുക മാത്രമാണ് ചെയ്‌തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിലക്കുറവിൽ മരുന്ന് ലഭ്യമാകുന്നതോടെ കൂടുതൽ കുട്ടികൾക്ക് ചികിൽസ ലഭ്യമാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്‌ഥാനത്ത് സൗജന്യ മരുന്നിന് അർഹരായ 108 എസ്എംഎ ബാധിതരായ കുട്ടികൾക്ക് 15 ലക്ഷം രൂപ വിലയുള്ള വിദേശ നിർമിത മരുന്നിന് പകരം 8000 രൂപ വിലയുള്ള ഇന്ത്യൻ നിർമിത ജനറിക് മരുന്ന് വിതരണം ചെയ്‌തതാണ് വിവാദങ്ങൾക്ക് കാരണമായത്. പുതുതായി നൽകിയ മരുന്നിന്റെ കവറിൽ ‘ഡോക്‌ടേഴ്‌സ് സാമ്പിൾ’ എന്നും ‘ക്ളിനിക്കൽ ട്രയൽസ്’ എന്നും രേഖപ്പെടുത്തിയിരുന്നതായി കുട്ടികളുടെ രക്ഷിതാക്കൾ പറഞ്ഞു.
ഇതോടെ പിഞ്ചുകുഞ്ഞുങ്ങളിൽ സർക്കാർ പരീക്ഷണം നടത്തുകയാണെന്ന തരത്തിൽ ആരോപണം ഉയർന്നു. എന്നാൽ, കേന്ദ്രനുമതിയുള്ള മരുന്നാണ് നൽകുന്നതെന്നും സാമ്പിൾ എന്ന് രേഖപ്പെടുത്തിയതും യഥാർഥ മരുന്നും തമ്മിൽ വ്യത്യാസമില്ലെന്നും തിരുവനന്തപുരം എസ്ഐടി ആശുപത്രി സൂപ്രണ്ട് ഡോ. റിയാസ് വ്യക്‌തമാക്കിയിരുന്നു.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്



































