തിരുവനന്തപുരം: പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം താളംതെറ്റി. മണ്ണ് നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിരവധി ട്രെയിനുകൾ റദ്ദാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് പാറശാല റെയിൽവേ സ്‌റ്റേഷന് സമീപം ബിലാസ്‌പുർ-തിരുനെൽവേലി എക്‌സ്‌പ്രസ് പാളം തെറ്റി.
ട്രെയിൻ പാറശാല റെയിൽവേ സ്‌റ്റേഷന് സമീപം നിർത്തിയതിന് പിന്നാലെയാണ് എൻജിന്റെ നാല് ചക്രങ്ങൾ പാളം തെറ്റിയത്. എൻജിനും ട്രെയിനും അവിടെനിന്ന് നീക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർക്കായി ബസ് സൗകര്യം ഏർപ്പെടുത്തുമെന്നും റെയിൽവേ അറിയിച്ചു. പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു അപകടം.
മണ്ണിടിച്ചിലിനെ തുടർന്ന് തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രയിൻ ഗതാഗതം തടസപ്പെട്ടു. മണ്ണ് പൂർണമായി നീക്കി തുടർ പരിശോധനകൾക്ക് ശേഷമേ ട്രെയിൻ ഗതാഗതം പുനഃസ്‌ഥാപിക്കാൻ കഴിയൂ.
റദ്ദാക്കിയ ട്രെയിനുകൾ
- തിരുവനന്തപുരം നോർത്ത്- നാഗർകോവിൽ പാസഞ്ചർ (56306)
- നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56309)
- നാഗർകോവിൽ-കൊല്ലം ജങ്ഷൻ പാസഞ്ചർ
- കൊല്ലം ജങ്ഷൻ-നാഗർകോവിൽ പാസഞ്ചർ
- തിരുവനന്തപുരം നോർത്ത്- നാഗർകോവിൽ പാസഞ്ചർ (56310)
- നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56305)
Most Read| ‘ഏറെ വ്യത്യാസമുള്ള ഒന്ന്’; ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിലെന്ന് ട്രംപ്





































