കോഴിക്കോട്: കനത്ത മഴ തുടരുന്നതിനാൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് റെഡ് അലർട് പ്രഖ്യാപിച്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് നാളെ അവധി. മതപഠന ക്ളാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ളാസുകൾ എന്നിവയ്‌ക്കാണ് അവധി.
റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഹോസ്‌റ്റലുകൾക്കും അവധി ബാധകമല്ലെന്ന് കോഴിക്കോട് ജില്ലാ കലക്‌ടർ അറിയിച്ചു. ഇത്തരം സ്‌ഥാപനങ്ങളിൽ താമസിക്കുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്‌ഥാപന മേധാവികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. മുൻകൂട്ടി നിശ്‌ചയിച്ച സർവകലാശാല പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
വയനാട് അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ദുരന്തസാധ്യതാ പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്‌റ്റേകൾ, സാഹസിക ടൂറിസം ഉൾപ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് എന്നിവയ്‌ക്ക് നാളെ പൂർണ നിരോധനം ഏർപ്പെടുത്തി. ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്‌ഥാപന സെക്രട്ടറിമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
Most Read| ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; എംആർ അജിത് കുമാറിന്റെ സസ്‌പെൻഷൻ നീട്ടി






































