വിജിലൻസിലെ വിവരാവകാശ വിലക്ക്; കൊള്ളമുതൽ പങ്കിടാനുള്ള നാടകമെന്ന് പിണറായി

രാഷ്‌ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും അഴിമതി ഫയലുകൾ ഒളിപ്പിച്ചുവെച്ച വിജിലൻസിലെ 'ടി' ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള നഗ്‌നമായ ഇടപെടലാണ്. യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിന് എഐസിസിയുടെ മൗനാനുവാദം ഉണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു.

By Senior Reporter, Malabar News
Pinarayi Vijayan

തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്‌ടറേറ്റിലെ ടി1, ടി2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കൊള്ളമുതൽ പങ്കിടാനുള്ള നാടകമാണിതെന്ന് പിണറായി വിജയൻ വിമർശിച്ചു.

അഴിമതി മൂടിവെക്കാനുള്ള നഗ്‌നമായ ഇടപെടലാണ് നടന്നത്. സർക്കാരിന് കീഴിൽ പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്‌ഥരുടെയും അഴിമതിയും അധികാര ദുർവിനിയോഗവും അന്വേഷിക്കുന്നതിനും തടയുന്നതിനുമായി പ്രവർത്തിക്കുന്ന ഏജൻസിയായ വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോയുടേതാണ് ടി1, ടി2 വിഭാഗങ്ങൾ. ഇത് ആർടിഐ നിയമത്തിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ട്.

തിവെട്ടിക്കൊള്ള മറയ്‌ക്കാനാണ് സർക്കാർ ശ്രമം. യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിന് എഐസിസിയുടെ മൗനാനുവാദം ഉണ്ടോയെന്നും പിണറായി ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള വിജിലൻസ് രേഖകൾ പുറത്തുവന്നതിന് പിന്നാലെ ഇറങ്ങിയ ഈ വിജ്‌ഞാപനം അഴിമതി ആറാട്ട് നടത്തുന്ന ഉന്നതരെ രക്ഷിച്ചെടുക്കാനുള്ള വെപ്രാളമാണ്.

വിവരാവകാശ നിയമം തങ്ങളുടെ തറവാട്ടുസ്വത്ത് ആണെന്ന് മേനിപറഞ്ഞു നടന്ന കോൺഗ്രസ്, അതേ നിയമത്തിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കുകയാണ്. രാഷ്‌ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും അഴിമതി ഫയലുകൾ ഒളിപ്പിച്ചുവെച്ച വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള നഗ്‌നമായ ഇടപെടലാണെന്നും പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കലാണിതെന്നും പിണറായി വിജയൻ ആരോപിച്ചു.

കട്ടവനെ കാവൽക്കാരനാക്കി മാറ്റുന്ന ഈ കള്ളക്കളി കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ഭരണത്തിലെ സുതാര്യതയെയും ഉത്തരവാദിത്തത്തെയും ഒരു സർക്കാർ ഇത്രമാത്രം ഭയക്കുന്നുവെങ്കിൽ, അവിടെ അഴിമതിയുടെ വേരുകൾ എത്രമാത്രം ആഴത്തിൽ പടർന്നിട്ടുണ്ടാകും എന്നാണ് ചിന്തിക്കേണ്ടതെന്നും പിണറായി കൂട്ടിച്ചേർത്തു.

Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE