പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായ് പ്രതികരിച്ച് ജെഡിയു നേതാവ് നിതീഷ് കുമാര്‍. എന്‍ഡിഎ സഖ്യത്തിന്റെ വിജയത്തിന് പൂര്‍ണ അവകാശികള്‍ ജനങ്ങളാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പിന്തുണച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും നിതീഷ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും നിതീഷ് കുമാര്‍ പ്രതികരണം നടത്താത്തത് ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ബിഹാറിലെ വിജയത്തിന് പിന്നാലെ ബിജെപി നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ പ്രതികരണം നടത്തിയിട്ടും ജെഡിയുവിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഇല്ലാത്തത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സഖ്യത്തില്‍ നിതീഷിന് അതൃപ്തിയുള്ളതായി വ്യാഖ്യാനവും സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് നിതീഷ് കുമാര്‍ രംഗത്ത് വന്നത്.
തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് 43 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. സഖ്യകക്ഷിയായ ബിജെപിക്ക് 74 സീറ്റുകള്‍ ലഭിച്ചു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനം ലഭിച്ചാലും അദ്ദേഹത്തിന് കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read also: സംഘപരിവാര്‍ എതിര്‍പ്പ്; സിലബസില്‍ നിന്ന് അരുന്ധതി റോയിയുടെ പുസ്തകം നീക്കി സര്‍വകലാശാല