തിരുവനന്തപുരം: വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെ പ്ളസ് വണ്‍ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ ആവശ്യമെങ്കില്‍ പ്രവേശനം നേടാന്‍ അവസരം. നവംബര്‍ 25 മുതല്‍ 27ന് വൈകുന്നേരം നാല് മണിവരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.
നിലവിലുള്ള ഒഴിവ് അഡ്മിഷന് വെബ്സൈറ്റായ www.hscap.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഒഴിവില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സികള്‍ക്ക് അനുസൃതമായി എത്ര സ്കൂള്‍/കോഴ്സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം.
അതേസമയം നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. കൂടാതെ വിവിധ ക്വാട്ടകളില്‍ പ്രവേശനം നേടിയശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനം നടത്താത്തവര്‍ക്കും അപേക്ഷിക്കാന്‍ കഴിയില്ല.
വേക്കന്‍സി സീറ്റുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട വിശദമായ നിര്‍ദേശങ്ങള്‍ അഡ്മിഷന് വെബ്സൈറ്റില്‍ ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.