തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ചക്കൊരുങ്ങി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഡിസംബർ 31ന് കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. കോഴിക്കോട് ആരംഭിക്കുന്ന മാദ്ധ്യമ പഠന ഗവേഷണ സ്ഥാപനത്തിന്റെ ഉൽഘാടനത്തിനായി ഡിസംബർ 29ന് മോഹൻ ഭാഗവത് കേരളത്തിൽ എത്തും. തുടർന്ന് ഉൽഘാടനത്തിന് ശേഷം ഗവർണറുമായി കൂടിക്കാഴ്ച നടത്താൻ തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് വിവരം. ആർഎസ്എസ് പ്രസിദ്ധീകരണമായ കേസരിയുടെ നേതൃത്വത്തിലാണ് മാദ്ധ്യമ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്.
ഡിസംബർ 30ന് തിരുവനന്തപുരത്ത് നടക്കുന്ന ആർഎസ്എസ് സംസ്ഥാന നേതാക്കളുടെ യോഗത്തിലും മോഹൻ ഭാഗവത് പങ്കെടുക്കും. 41 പേരാണ് ഈ യോഗത്തിൽ പങ്കെടുക്കുക. ഗവർണറെ കണ്ടതിന് ശേഷം സിവി ആനന്ദ ബോസിനെ പോലെ പ്രധാനപ്പെട്ട വ്യക്തികളുമായും ആർഎസ്എസ് തലവൻ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഡിസംബർ 31 രാത്രിയോടെ മോഹൻ ഭാഗവത് നാഗ്പൂരിലേക്ക് മടങ്ങും.
Also Read: ആരിഫ് മുഹമ്മദ് നീതിബോധമുള്ള ഗവർണർ; പിന്തുണച്ച് ശ്രീധരൻ പിള്ള
ആർഎസ്എസ് തലവൻ ഓരോ സ്ഥലത്ത് പോകുമ്പോഴും അവിടെ പ്രധാനപ്പെട്ട വ്യക്തികളെ സന്ദർശിക്കുമെന്നും അതിന്റെ ഭാഗമായാണ് ഗവർണറെ കാണുന്നതെന്നുമാണ് പാർട്ടിയുടെ വിശദീകരണം. നേരത്തെ നിശ്ചയിച്ച പരിപാടികളാണ് തിരുവനന്തപുരത്ത് നടക്കുകയെന്നും ആർഎസ്എസ് വ്യക്തമാക്കി.