കൊച്ചി: വരാപ്പുഴ കസ്‌റ്റഡി മരണക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ. അന്നത്തെ വരാപ്പുഴ എസ്ഐ അടക്കം ഒന്‍പത് പോലീസ് ഉദ്യോഗസ്‌ഥരാണ് കേസിലെ പ്രതികൾ.
2018 ഏപ്രിൽ 9ന് വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്‌റ്റഡിയിലെടുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്റ ആത്‍മഹത്യാ കേസുമായി ബന്ധപ്പെട്ടാണ് ശ്രീജിത്തിനെ കസ്‌റ്റഡിയിൽ എടുത്തത്. സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി ജീപ്പിലിട്ടും തുടർന്ന് സ്‌റ്റേഷനിലും ശ്രീജിത്ത് ക്രൂര മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടുവെന്നാണ് കുറ്റപത്രം.
പോസ്‌റ്റുമോർട്ടത്തിൽ ശ്രീജിത്തിന്റെ ശരീരത്തിൽ 18 മുറിവുകൾ കണ്ടെത്തിയിരുന്നു. മർദ്ദനമേറ്റ മുറിവുകൾ ഉൾപ്പടെ നേരിട്ടുള്ള തെളിവുകളും ശാസ്‌ത്രീയ തെളിവുകളും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
റൂറൽ ടൈഗർ ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ്, വരാപ്പുഴ എസ്ഐ ആയിരുന്ന ദീപക് എന്നിവരാണ് ആദ്യ നാല് പ്രതികൾ. വടക്കൻ പറവൂർ സിഐയായിരുന്നു ക്രിപ്‌സിൻ സാം അഞ്ചാം പ്രതിയാണ്.
വരാപ്പുഴ സ്‌റ്റേഷനിലെ നാല് പോലീസുകാരാണ് ശേഷിക്കുന്ന പ്രതികൾ. ആദ്യത്തെ നാലു പ്രതികൾ ഏല്‍പ്പിച്ച മർദ്ദനമാണ് മരണകാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു.
Also Read: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; സിബിഐ കുറ്റപത്രം സമർപ്പിച്ചു

































