തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ പേർക്ക് കഴിയുന്നത്ര വേഗത്തിൽ വാക്സിൻ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ കേരളം ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. നമ്മുടെ നാടിനെ കുറ്റം പറഞ്ഞിരുന്നവർ കോവിഡ് മഹാമാരി വന്നപ്പോൾ നാട്ടിലേക്ക് വരുന്നതാണ് നല്ലത് എന്ന് ചിന്തിച്ചത് നമ്മുടെ ആരോഗ്യമേഖലയുടെ പ്രത്യേകത മൂലമാണ്. ആ മേഖലയെ കാലാനുസൃതമായി ശക്തിപ്പെടുത്താൻ നമുക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ കൂടുതൽ പേർ കോവിഡ് ബാധിക്കാത്തവരാണ്. ഈ സാഹചര്യത്തിൽ വാക്സിനേഷൻ വേഗത്തിലാക്കേണ്ടത് അനിവാര്യമാണ്. എന്നാൽ കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭ്യമാകുന്നതിന് അനുസരിച്ച് മാത്രമേ നമുക്ക് വാക്സിനേഷൻ നടത്താനാകൂ. ഇത് കൂടുതൽ ലഭ്യമാക്കാൻ ശ്രമങ്ങളുണ്ടാകും. ആരോഗ്യരംഗത്തെ സൗകര്യങ്ങൾ പടിപടിയായി വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനം; ഹൈക്കോടതി വിശദീകരണം തേടി