കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി. കേസിൽ വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ ഉപഹരജികൾ ഹൈക്കോടതി തള്ളി.
എഫ്ഐആറിനെതിരെ ഭരണഘടനാപരവും നിയമപരവുമായ മാർഗങ്ങൾ സ്വീകരിക്കാനുള്ള അവകാശം ഹരജിക്കാർക്കുണ്ടെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് ഹരജിക്കാരുടെ അവകാശത്തെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ കെ. നടരാജൻ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ഉത്തരവ്. അപ്പീൽ നൽകാൻ പ്രത്യേക അനുമതിയാണ് പിണറായി വിജയൻ അടക്കമുള്ള പ്രതികൾ ആവശ്യപ്പെട്ടിരുന്നത്.
ഈ അപേക്ഷയാണ് കോടതിയിപ്പോൾ തള്ളിയത്. സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. അത് ചോദ്യം ചെയ്യാനുള്ള അധികാരം പ്രതികൾക്കുണ്ട്. അതുകൊണ്ട് ഇപ്പോൾ അപ്പീൽ ഫയൽ ചെയ്യാൻ അനുവദിക്കേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. സിംഗിൾ ബെഞ്ച് പരിഗണിച്ച ഹരജിയിൽ പിണറായി അടക്കമുള്ളവർ കക്ഷിയല്ലാത്തതിനാൽ കോടതി അനുവദിച്ചാലേ അപ്പീൽ സ്വീകരിക്കാൻ കഴിയുകയുള്ളൂ.
എന്നാൽ, കേസിൽ പ്രതികൾക്ക് തിരിച്ചടി നൽകുന്ന ഉത്തരവാണ് ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ, സംസ്ഥാന വിജിലൻസിനു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അന്വേഷണവുമായി മുന്നോട്ട് പോകാം.
കേസിൽ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് ആദ്യ കേസ്. ഇതിൽ പിണറായി വിജയൻ ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. രണ്ടാമത്തേത് മുഹമ്മദ് റിയാസ് മന്ത്രിയായിരുന്നപ്പോൾ അഴിമതി പണം വിദേശത്തേക്ക് കടത്തിയെന്ന കേസാണ്. ഈ കേസിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































