പഴയങ്ങാടി: പഴയ ബസ് സ്റ്റാൻഡ് റോഡ് സർക്കിളിൽ അപകടങ്ങൾ പതിവാകുന്നു. ഇന്നലെ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദുരന്തം ഒഴിവായത് തലനാരിഴക്കാണ്. പഴയങ്ങാടി ഭാഗത്തേക്ക് വന്ന കാറും കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് രോഗിയെയും കൊണ്ട് പോയ ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ ടയർ പൊട്ടുകയും കാറിന്റെ മുൻഭാഗം പൂർണമായി തകരുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.
മതിയായ സിഗ്നൽ സംവിധാനം ഇല്ലാത്തതും ഡിവൈഡർ സ്ഥാപിക്കാത്തതും കാരണമാണ് ഈ ഭാഗത്ത് അപകടങ്ങൾ കൂടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി നേരത്തെ ഇവിടെയുണ്ടായിരുന്ന വിളക്ക് തൂൺ കെഎസ്ടിപി അധികൃതർ നീക്കം ചെയ്തതും അപകടങ്ങളുടെ എണ്ണം കൂട്ടുന്നുവെന്നും നാട്ടുകാർ പറയുന്നു.
Also Read: വാക്സിനേഷൻ ശാസ്ത്രീയം, ആരും മടിച്ച് നിൽക്കരുത്; വാക്സിൻ സ്വീകരിച്ച് മുഖ്യമന്ത്രി