വാഷിംഗ്ടൺ: ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയായ റോയിട്ടേഴ്സിന്റെ പുതിയ എഡിറ്റർ ഇൻ ചീഫ് ആയി അലസാന്ദ്ര ഗല്ലോനിയെ നിയമിച്ചു. ഒരു പതിറ്റാണ്ടായി റോയിട്ടേഴ്സിനെ നയിച്ച സ്റ്റീഫൻ ജെ അഡ്ലർ വിരമിക്കുന്നതിനെ തുടർന്നാണ് ഗല്ലോനിയുടെ നിയമനം.
170 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത കമ്പനിയുടെ തലപ്പത്ത് എത്തുന്നതെന്ന് റോയിട്ടേഴ്സ് ട്വിറ്ററിലൂടെ അറിയിച്ചു. റോം സ്വദേശിനിയായ ഗല്ലോനി റോയിട്ടേഴ്സിന്റെ ഗ്ളോബൽ മാനേജിങ് എഡിറ്റർ ആയി പ്രവർത്തിച്ചു വരികയായിരുന്നു.
‘പ്രതിഭാധനരും സ്വയം സമർപ്പിതരുമായ മാദ്ധ്യമ പ്രവർത്തകർ ഭാഗമായിട്ടുള്ള ഒരു ലോകോത്തര ന്യൂസ് റൂമിനെ നയിക്കാൻ അവസരം ലഭിച്ചത് ഒരു ബഹുമതിയായി കരുതുന്നു’, ഗല്ലോനി പ്രസ്താവനയിലൂടെ പ്രതികരിച്ചു.
ഒരു മികച്ച എഡിറ്ററും മികച്ച സഹപ്രവർത്തകയുമായിരുന്ന വ്യക്തിക്ക് ഈ ബാറ്റൺ കൈമാറാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്’, വിരമിക്കുന്ന എഡിറ്റർ ഇൻ ചീഫ് സ്റ്റീഫൻ ജെ അഡ്ലർ ട്വിറ്ററിൽ കുറിച്ചു. ലോകമെമ്പാടും 200 സ്ഥലങ്ങളിലായി 2500 മാദ്ധ്യമ പ്രവർത്തകർ പ്രവർത്തിക്കുന്ന റോയിട്ടേഴ്സ് ലോകത്തെ ഏറ്റവും വലിയ വാർത്താ ഏജൻസികളിൽ ഒന്നാണ്.