മലപ്പുറം: ആനക്കയം സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ യുഡി ക്ളർക്ക് കെവി സന്തോഷ് കുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ് വള്ളിക്കാപ്പറ്റയിലെ വീട്ടിൽ വിജിലൻസ് എത്തിയത്. രണ്ടുമണിക്കൂർ നീണ്ട പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കണ്ടെത്തിയതായാണ് വിവരം. ഇവ കോടതിയിൽ ഹാജരാക്കും.
കൂടുതൽ പേർ തട്ടിപ്പിന് നേതൃത്വം നൽകിയിട്ടുണ്ടോയെന്ന കാര്യവും വിജിലൻസ് പരിശോധിക്കുന്നുണ്ട്. വിജിലൻസ് ഇൻസ്‌പെക്‌ടർ പി ജ്യോതീന്ദ്രകുമാർ, പിഡബ്ള്യുഡി (റോഡ് വിഭാഗം) അസിസ്‌റ്റന്റ് എൻജിനീയർ സി വിമൽ രാജ്, വിജിലൻസ് എസ്ഐമാരായ പി മോഹനകൃഷ്‌ണൻ, ടിടി ഹനീഫ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.
യുഡിഎഫ് നിയന്ത്രണത്തിലുള്ള ആനക്കയം സർവീസ് സഹകരണ ബാങ്കിൽ 2018ൽ ആറരക്കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ആരോപണം. 232 നിക്ഷേപകരിൽനിന്ന് പലപ്പോഴായി വാങ്ങിയ പണം അക്കൗണ്ടിൽ നിക്ഷേപിച്ചില്ല. പകരം അധികൃതർ പാസ്ബുക്കിൽ എഴുതി വ്യാജ രസീത് നൽകുകയായിരുന്നു. പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് പലർക്കും തട്ടിപ്പ് മനസിലായത്. തുടർന്ന് മഞ്ചേരി പോലീസിൽ പരാതി നൽകുകയായിരുന്നു. കൂടുതൽ സാമ്പത്തിക ക്രമക്കേട് പുറത്തായതോടെയാണ് വിജിലൻസ് കേസ് ഏറ്റെടുത്തത്. എന്നാൽ രണ്ടുവർഷമായിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
കേസിനെത്തുടർന്ന് ബാങ്കിലെ യുഡി ക്ളർക്കായിരുന്ന കെവി സന്തോഷ്‌കുമാറിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇയാളിൽനിന്ന് പണം തിരിച്ചുപിടിച്ച് നിക്ഷേപകർക്ക് വിതരണം ചെയ്യുമെന്ന് ബാങ്ക് ഭരണസമതി നിക്ഷേപകർക്ക് ഉറപ്പും നൽകി. തുടർന്ന് ഇയാളുടെ നാലേക്കർ ഭൂമി ബാങ്ക് ഏറ്റെടുത്തെങ്കിലും സഹകരണ നിയമപ്രകാരം ഭൂമി വിൽക്കാൻ കഴിയില്ലെന്ന് കാണിച്ച് ജോയിന്റ് രജിസ്ട്രാർ ഇത് തടഞ്ഞതായി ഭരണസമിതി പറയുന്നു. ഈ കേസ് ഇപ്പോൾ ഹൈക്കോടതിയിലാണ്. രണ്ടരക്കൊല്ലം പിന്നിട്ടിട്ടും നഷ്‌ടമായ പണം തിരികെ നിക്ഷേപകർക്ക് ലഭിച്ചിട്ടില്ല.
Most Read: സാമൂഹിക അകലം പാലിക്കാത്തതിന് 2,000 രൂപ പിഴ; റെസീപ്റ്റ് കടയ്‌ക്ക് മുന്നിൽ പ്രദർശിപ്പിച്ച് ഉടമ