അനന്യ കുമാരിയുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി; തൂങ്ങിമരണമെന്ന് പ്രാഥമിക റിപ്പോർട്

By News Desk, Malabar News
Ananya Kumari's death
Ajwa Travels

കൊച്ചി: ഇടപ്പള്ളിയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്‌സിന്റെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. ആത്‌മഹത്യ തന്നെയെന്ന് സ്‌ഥിരീകരിക്കുന്നതാണ് പ്രാഥമിക റിപ്പോർട്. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് ഡോക്‌ടർമാരുടെ പ്രത്യേക സംഘമാണ് പോസ്‌റ്റുമോർട്ടം നടത്തിയത്. ഒരു വർഷം മുൻപ് നടത്തിയ ലിംഗമാറ്റ ശസ്‌ത്രക്രിയയിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ ചികിൽസാ രേഖകൾ കൂടി പരിശോധിക്കണമെന്ന് പോലീസ് അറിയിച്ചു.

രാവിലെ എട്ട് മണിയോടെയാണ് ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചത്. പത്ത് മണിയോടെ പോസ്‌റ്റുമോർട്ടം തുടങ്ങി. ശേഷം പന്ത്രണ്ട് മണിയോടെ പോസ്‌റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ നേതൃത്വത്തിൽ ആലുവയിൽ പൊതുദർശനം ഒരുക്കിയിട്ടുണ്ട്. അതിന് ശേഷം അനന്യയുടെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും.

ചൊവ്വാഴ്‌ചയാണ് അനന്യയെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയും വേങ്ങര മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മൽസരിക്കാൻ ആദ്യമായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച ആദ്യത്തെ ട്രാൻസ്‌ജെൻഡർ യുവതിയും കൂടിയാണ് അനന്യ കുമാരി അലക്‌സ്‌. ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്റെ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയതിൽ ഡോക്‌ടറുടെ ഭാഗത്ത് നിന്നും ആശുപത്രിയിൽ നിന്നും ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന് ആരോപിച്ച് അനന്യ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

തന്റെ മനസ് ആഗ്രഹിച്ചത് പോലെ ശരീരവും മാറാൻ വേണ്ടിയാണ് ശസ്‌ത്രക്രിയ നടത്തിയതെന്നും എന്നാൽ അതിന് ശേഷം തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നുവെന്നുമായിരുന്നു അനന്യയുടെ ആരോപണം. ‘ലിംഗമാറ്റ ശസ്‌ത്രക്രിയ പൂർണ പരാജയമായിരുന്നു. ശാരീരികമായും മാനസികമായും ഒരുപാട് പ്രശ്‌നങ്ങൾ അലട്ടുന്നുണ്ട്. ഒന്ന് കുനിഞ്ഞു നിൽക്കാനോ, തുമ്മുവാനോ, പൊട്ടിക്കരയാനോ പോലും തനിക്കാവുന്നില്ല. സഹിക്കാൻ കഴിയാത്ത വേദനയാണ്. ഇക്കാര്യം ആശുപത്രിയിൽ അറിയിച്ചപ്പോൾ അവർ ആട്ടിയോടിക്കുകയാണ് ചെയ്‌തത്’- അനന്യ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ റിനൈ മെഡിസിറ്റിക്ക് എതിരെയും ഡോ.അർജുൻ അശോകനെതിരെയുമാണ് അനന്യ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. വീണ്ടും സർജറി ചെയ്യാൻ ചികിൽസാ രേഖകൾ ആവശ്യപ്പെട്ടെങ്കിലും നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും അനന്യ വ്യക്‌തമാക്കിയിരുന്നു. ചികിൽസാ റിപ്പോർട് ആവശ്യപ്പെട്ട് വിളിക്കുമ്പോൾ വളരെ മോശമായാണ് ജീവനക്കാർ തന്നോട് പെരുമാറിയിരുന്നതെന്നും ഇവർ ആരോപിച്ചിരുന്നു.

അനന്യയെ പിന്തുണച്ചും റിനൈ മെഡിസിറ്റിക്കെതിരെ പ്രതിഷേധവുമായി സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകൾ ഉയർന്നിരുന്നു. അനന്യയുടെ റീ സർജറിക്ക് വേണ്ടി ഫണ്ട് ശേഖരിക്കലും ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവതിയുടെ ആത്‌മഹത്യ. റിനൈ മെഡിസിറ്റിയിൽ ഡോ.അർജുൻ അശോകന്റെ നേതൃത്വത്തിൽ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ മറ്റ് ട്രാൻസ്‌ജെൻഡേഴ്‌സിനും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും അനന്യ വ്യക്‌തമാക്കിയിരുന്നു.

എന്നാൽ, അനന്യയുടെ ആരോപണങ്ങൾ റിനൈ മെഡിസിറ്റി തള്ളി. അനന്യ ആരോപിച്ചത് പോലെയുള്ള ചികിൽസാ പിഴവുകൾ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് നേരത്തെ തന്നെ കണ്ടെത്തുകയും അത് അനന്യയെ ബോധ്യപ്പെടുത്തുകയും ചെയ്‌തിരുന്നു എന്നാണ് റിനൈ മെഡിസിറ്റി പുറത്തുവിട്ട വിശദീകരണ കുറിപ്പിൽ പറയുന്നത്.

അതേസമയം, ആശുപത്രി അധികൃതരുടെ വാദം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് അനന്യയുടെ സുഹൃത്തുക്കളും ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിലെ അംഗങ്ങളും പ്രതികരിച്ചു. മുൻപ് മറ്റുള്ളവർക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ചികിൽസാ ചെലവായി കൂടുതൽ തുക ആശുപത്രി ഈടാക്കാറുണ്ടെന്നും ഇവർ ആരോപിച്ചു. അനന്യയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്താൻ സാമൂഹ്യ നീതി വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Also Read: ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് വീണ്ടും നിയമസഭാ മാർച്ച്; സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്
https://www.malabarnews.com/conflict-in-yuvamorcha-march-to-niyamasabha/

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE