ഗിരീഷ് എഡി രചനയും സംവിധാനവും നിർവഹിക്കുന്ന ‘സൂപ്പർ ശരണ്യയിലെ’ പുതിയ ഗാനം കൈയ്യടി നേടുന്നു. അനശ്വര രാജൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ ‘അശുഭ മംഗളകാരി’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 3 ലക്ഷത്തിലേറെ പേരാണ് യൂട്യൂബിലൂടെ ഗാനം ആസ്വദിച്ചത്. ജസ്‌റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ. ശരത്, ജോണി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിനു ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്‌റ്റക്ക് കൗസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എഡിയും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ‘സൂപ്പർ ശരണ്യ’.
കാമ്പസ് ജീവിതവും കുടുംബ ജീവിതവുമെല്ലാം കോർത്തിണക്കിയുള്ള ഒരു എന്റർടെയ്‌നറായിരിക്കും ‘സൂപ്പർ ശരണ്യ’ എന്നാണ് ട്രെയ്‌ലറും ഗാനങ്ങളും വ്യക്‌തമാക്കുന്നത്.
അനശ്വരാ രാജന് പുറമെ അർജുൻ അശോകനും കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ വിനീത് വിശ്വം, നസ്‌ലൻ, ബിന്ദു പണിക്കർ, മമിത ബൈജു, മണികണ്‌ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്‌നേഹ ബാബു, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്, കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ തുടങ്ങിയവരും മറ്റ് നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ആകാശ് വർഗീസ് എഡിറ്റിംഗ് നിർവഹിക്കുന്നു.
Most Read: ആര്യവേപ്പുണ്ടോ? മുടികൊഴിച്ചിലും താരനും പമ്പ കടക്കും