കണ്ണൂർ: ആയുർവേദ മരുന്നുകൾ എന്ന വ്യാജേന നിരോധിത പുകയില ഉൽപ്പന്നങ്ങൾ ലോറിയിൽ കടത്തുന്നതിനിടെ രണ്ടുപേർ പിടിയിൽ. ലോറി ഡ്രൈവറും കാസർഗോഡ് ഉളിയത്തടുക്ക സ്വദേശിയുമായ യൂസഫ് (51), ജാബിർ (32) എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. ലോറിയിൽ നിന്ന് പത്ത് ലക്ഷം രൂപ വിലവരുന്ന ടൺ കണക്കിന് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.
എറണാകുളത്തേക്ക് പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടു പോകുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നാണ് ദേശീയപാതാ ബൈപ്പാസിൽ എസ്എൻ കോളേജിന് സമീപം കണ്ണൂർ ടൗൺ പോലീസ് വാഹനപരിശോധന നടത്തിയത്. ഇന്ന് ഉച്ചയോടെ പ്രതികൾ സഞ്ചരിച്ച നാഷണൽ പെർമിറ്റ് ലോറി ഇതുവഴിയെത്തി. ലോറിയിൽ എന്താണെന്ന് ചോദിച്ചപ്പോൾ മംഗളൂരുവിൽ നിന്നുള്ള ആയുർവേദ മരുന്നുകളാണെന്നും, ഇവ കൊച്ചിയിലേക്ക് കൊണ്ടുപോവുക ആണെന്നുമായിരുന്നു ഡ്രൈവറുടെ മറുപടി.
എന്നാൽ, സംശയം തോന്നിയ പോലീസ് സംഘം ലോറി പരിശോധിച്ചപ്പോൾ മുകൾഭാഗത്ത് കുറച്ചു ചാക്കുകളിലായി ആയുർവേദ മരുന്നുകൾ കണ്ടെത്തി. എന്നാൽ, താഴെ പ്രത്യേക തട്ടുകളാക്കിയ ഭാഗം പരിശോധിച്ചപ്പോഴാണ് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ഓരോ ചാക്കിന് പുറത്തും എറണാകുളത്ത് കൈമാറണ്ട ആളുകളുടെ പേരുകളും രേഖപ്പെടുത്തിയിരുന്നു. സംസ്‌ഥാനത്തെ ഏറ്റവും വലിയ പാൻമസാല വേട്ടയാണിതെന്ന് പോലീസ് പറഞ്ഞു. ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Most Read: മെട്രോ പാലത്തിലെ ചെരിവ്; വിശദ പരിശോധന വേണമെന്ന് ഇ ശ്രീധരൻ