ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്‌ച ലോക്‌സഭയിൽ എത്തും. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള നടപടിക്ക് തുടക്കമിട്ടുകൊണ്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ബിൽ അവതരിപ്പിക്കുമെന്ന് അജണ്ടയിൽ പറയുന്നു.
തിങ്കളാഴ്‌ച ഉച്ചക്ക് ശേഷം ബിൽ ചർച്ച ചെയ്‌ത് പാസാക്കും. ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാൻ നിർദ്ദേശിച്ച് ബിജെപിയും കോൺഗ്രസും എംപിമാർക്ക് വിപ്പ് നല്‍കി. ബില്ലിനെ എതിർക്കേണ്ടതില്ല എന്ന് പ്രതിപക്ഷം തീരുമാനിച്ചു. ചർച്ചയിൽ രാഹുൽ ഗാന്ധി എംപിയെ പങ്കെടുപ്പിക്കാനും കോൺഗ്രസ് ആലോചനയുണ്ട്.
ബിൽ പാസാക്കുള്ള സാധ്യത തെളിഞ്ഞതോടെ തിങ്കളാഴ്‌ച പാർലമെന്റിലേക്ക് നടത്താനിരുന്ന കർഷകരുടെ ട്രാക്‌ടർ റാലി മാറ്റിവെച്ചു. എന്നാല്‍ ഡെൽഹി അതിര്‍ത്തികളായ സിംഗു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ സമരം തുടരും. തുടർസമര പരിപാടികള്‍ അടുത്ത ഡിസംബർ നാലിന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും.
സമരത്തിനിടെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും നഷ്‌ടപരിഹാരം അനുവദിക്കണമെന്നും കര്‍ഷക സംഘടനകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തിൽ സംസ്‌ഥാനങ്ങള്‍ തീരുമാനം എടുക്കട്ടേയെന്നാണ് കേന്ദ്ര നിലപാട്.
അതേസമയം പാർലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി സ്‌പീക്കർ വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. അടുത്ത 23 വരെ തുടരുന്ന സമ്മേളനത്തില്‍ വിലക്കയറ്റം, ഇന്ധന വില വര്‍ധന അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ വിമർശനം ഉയരുമെന്നിരിക്കെ സഭാ നടപടികള്‍ സുഗമമായി മുന്‍പോട്ട് കൊണ്ടുപോകാന്‍ സ്‌പീക്കർ കക്ഷികളുടെ പിന്തുണ തേടും.
Most Read: പുതിയ വകഭേദം; മുൻകരുതലുകൾ ശക്‌തമാക്കാൻ ഇന്ത്യ, യാത്രാ ഇളവുകൾ പിൻവലിച്ചേക്കും