ന്യൂഡെൽഹി: അസമിലെ ജോർഹത്തിൽ യാത്രാബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബ്രഹ്‌മപുത്ര നദിയിലാണ് രണ്ട് ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകട സമയത്ത് ബോട്ടിൽ 100ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ഒട്ടേറെ ആളുകളെ കാണാതായതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. എന്നാൽ യാത്രക്കാരിൽ 40 പേരെ രക്ഷപെടുത്തിയതായും, ചിലർ നീന്തി രക്ഷപെട്ടതായും സൂചനയുണ്ട്.
മജൂലി–നിമതി ഘാട്ട് റൂട്ടിൽ യാത്ര ചെയ്യുകയായിരുന്ന ബോട്ടുകളാണ് അപകടത്തിൽ പെട്ടത്. ഗുവാഹത്തിയിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ അകലെയുള്ള ജോർഹത്തിലെ നിമതി ഘാട്ടിൽ ഇരു ബോട്ടുകളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. നിലവിൽ അപകട സ്‌ഥലത്ത് എൻഡിആർഎഫിന്റെയും എസ്‌ഡിആർഎഫിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ അപകടത്തിന് പിന്നാലെ സ്‌ഥിതിഗതികൾ വിലയിരുത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്‌ഥാനത്തിന് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.
Read also: കോവിഡ് നിയന്ത്രണലംഘനം: ഇന്ന് 1565 കേസുകള്‍; മാസ്‌കില്ലാതെ 8867 പേർ