അഗളി: താവളം-മുള്ളി റോഡിൽ ചീരക്കടവിൽ കാട്ടാന കാർ തകർത്തു. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ രക്ഷപെട്ടു. തൃശ്ശൂർ സ്വദേശികളായ സനോജ് (28), പ്രശോഭ് (30) എന്നിവരാണ് കാറിൽ യാത്രചെയ്യുമ്പോൾ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. തിങ്കളാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. തകർന്ന കാറിനടുത്ത് നിന്ന കാട്ടാനയെ പേടിച്ച് ഇവർക്ക് രണ്ടുമണിക്കൂർ കാറിനകത്തുതന്നെ കഴിച്ചുകൂട്ടേണ്ടി വന്നു.
ചീരക്കടവിൽ നാടകപ്രവർത്തകരുടെ കലാഗ്രാമത്തിലെ നാടകപ്രവർത്തകരാണ് പ്രശോഭും സനോജും. ഞായറാഴ്‌ച രാത്രി കലാഗ്രാമത്തിൽ നാടകമുണ്ടായിരുന്നു. നാടകം കാണാനെത്തിയ രണ്ടുപേരെ ചീരക്കടവിൽനിന്ന് താവളത്തേക്ക് കാറിലെത്തിക്കാൻ പോയതായിരുന്നു യുവാക്കൾ. കലാഗ്രാമത്തിൽനിന്ന് ഒന്നര കിലോമീറ്റർ പിന്നിട്ടപ്പോൾ ഒറ്റയാൻ റോഡരികിലെ വാഴത്തോട്ടത്തിൽ വാഴ തിന്ന് കൊണ്ടിരിക്കുകയായിരുന്നു. യുവാക്കളുടെ മുന്നിലുണ്ടായിരുന്ന കാറിൽനിന്ന് തുടർച്ചയായി ഹോൺ മുഴക്കിയതോടെ കാട്ടാന തൊട്ടടുത്ത വനത്തിലേക്ക് കയറിപ്പോയി.
യുവാക്കൾ താവളത്തുപോയി തിരിച്ചുവരുന്നവഴി കാട്ടാന റോഡിൽ വീണ്ടും നിലയുറപ്പിച്ചിരുന്നു. യുവാക്കൾ കാറിന്റെ ഹോണടിച്ചതും കാട്ടാന വാഹനത്തിനുനേരെ പാഞ്ഞടുത്തു. കാർ കൊമ്പിൽ കോർത്ത് പുറകോട്ട് തള്ളിനീക്കി. കാറിന്റെ പിറകുവശം റേഡരികിലെ ചാലിലേക്കിറങ്ങി. തുടർന്ന്, കാട്ടാന കാറിനരികിൽ നിലയുറപ്പിച്ചു. തിങ്കളാഴ്‌ച പുലർച്ചെ രണ്ടുമണിക്ക് നിലയുറപ്പിച്ച ആന നാലുമണിക്കാണ് കാടുകയറിയത്. അതുവരെ യുവാക്കൾ കാറിനകത്തായിരുന്നു. കാട്ടാന കാടുകയറിയതോടെ ഇവർ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടെങ്കിലും ഭയം കാരണം ഒന്നും സംസാരിക്കാനാകാത്ത സ്‌ഥിതിയിലാണ് യുവാക്കളെന്ന് കൂടെയുള്ളവർ പറഞ്ഞു.
Also Read: ആർഎസ്‌എസ് പ്രവർത്തകന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് സൂചന; അന്വേഷണം ഊർജിതമാക്കി