പാലക്കാട്: എലപ്പുള്ളിയിൽ ആർഎസ്‌എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സംഭവം അന്വേഷിക്കാൻ എട്ടംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. രാഷ്‌ട്രീയ കൊലപാതകമെന്നാണ് പോലീസിന്റെ സംശയമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് വ്യക്‌തമാക്കി. എലപ്പുള്ളിയിൽ നേരത്തെ ഉണ്ടായിരുന്ന രാഷ്‌ട്രീയ സംഘർഷങ്ങളുടെ തുടർച്ചയാകാം കൊലപാതകമെന്നും സൂചനയുണ്ട്. ഈ നിലയ്‌ക്കാണ് അന്വേഷണം നടക്കുന്നത്.
പാലക്കാട് ഡിവൈഎസ്‌പി പിസി ഹരിദാസന്റെ മേൽനോട്ടത്തിൽ ടൗൺ സൗത്ത് ഇൻസ്‌പെക്‌ടർ ഷിജു ടി എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വെളുത്ത കാറിലാണ് അക്രമിസംഘം എത്തിയതെന്ന് വിവരത്തിന്റെ അടിസ്‌ഥാനത്തിൽ കാർ കേന്ദ്രീകരിച്ച് അന്വേഷണം വിപുലപ്പെടുത്തിയതായി എസ്‌പി പറഞ്ഞു. പ്രതികൾ കടന്നത് തൃശൂർ ഭാഗത്തേക്കാണെന്നാണ് നിഗമനം. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. കുന്നംകുളത്തും ചാവക്കാടും കൊടുങ്ങല്ലൂരിലും ചെറായിലും പൊന്നാനിയിലും അന്വേഷണം വ്യാപിപ്പിക്കും.
കൊല്ലപ്പെട്ട സഞ്‌ജിത്തിന്റെ പേരിൽ കസബ പോലീസ് സ്‌റ്റേഷനിൽ 11 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിൽ നാലെണ്ണം തീർപ്പായതാണ്. ഒരു വർഷം മുൻപ് സഞ്‌ജിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ അന്ന് നാല് എസ്‌ഡിപിഐ പ്രവർത്തകരെ പിടികൂടിയിരുന്നു.
ഇന്നലെ രാവിലെ 9 മണിയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി ബൈക്കില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം സഞ്‌ജിത്തിനെ ആക്രമിക്കുകയായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്‌ത്തി നാല് പേര്‍ ചേര്‍ന്നാണ് വെട്ടിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Also Read: മുൻ മിസ് കേരള ജേതാക്കളുടെ മരണം; പ്രതിയ്‌ക്ക് ജാമ്യം അനുവദിച്ചു