തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കത്ത്. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചെന്നും വിഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം, മുല്ലപ്പെരിയാറിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കളക്‌ടർ ഷീബ ജോർജ് പറഞ്ഞു. മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ സ്‌പിൽവേ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. അതിനാൽ, 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകിയതിന് ശേഷം മാത്രമേ ഡാം തുറക്കാവൂ എന്നും കളക്‌ടർ തമിഴ്‌നാടിനോട് അഭ്യർഥിച്ചു.
നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 137.60 അടിയും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 2637 ഘനയടിയാണ്. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞ സാഹചര്യത്തിൽ വലിയ ആശങ്കയ്‌ക്ക് സാധ്യതയില്ല. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതാണ് വെള്ളത്തിന്റെ അളവ് കുറയാൻ കാരണം.
Also Read: ഇന്ധനവില വർധന; അനിശ്‌ചിതകാല സമരവുമായി സ്വകാര്യ ബസുടമകൾ