തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ തൃശൂർ പൂരം നടത്താൻ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ഇത്തവണ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും നടത്താൻ അനുമതി ഉണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിലാണ് തീരുമാനം.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം പൂരം എല്ലാവിധ ആചാരാ-അനുഷ്‌ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോട് അനുബന്ധിച്ച് ചടങ്ങുകൾ നടത്തിയിരുന്നെങ്കിലും പൂരനഗരിയിലേക്ക് ആളുകൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഈ വർഷം പൂര പ്രേമികൾക്ക് പൂരനഗരിയിൽ പ്രവേശനം ഉണ്ടാകും. ഇത്തവണ മുമ്പ് നടത്തിയത് പോലെ മികച്ച രീതിയിൽ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‍ണൻ അറിയിച്ചു.
ദേവസങ്ങളോടും ഓരോ വകുപ്പുകളോടും പൂരം നടത്തിപ്പിനെ കുറിച്ചുള്ള റിപ്പോർട് തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകി. പൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി റിപ്പോർട് തയ്യാറാക്കി കളക്‌ടർക്ക് സമർപ്പിക്കണം. ഈ റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിൽ ഏപ്രിൽ പകുതിയോടെ വീണ്ടും ഉന്നതതല യോഗംചേർന്ന് അന്തിമ തീരുമാനം എടുക്കും. മഖ്യമന്ത്രിയുടെ അനുമതിയോടെയാകും അന്തിമ തീരുമാനം.
റവന്യൂ മന്ത്രി കെ രാജനും ഉന്നത ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു. അതേസമയം, തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പ്രദർശനത്തിന് തേക്കിൻകാട് മൈതാനിയിൽ തുടക്കമായി. പ്രദർശനം ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ ഉൽഘാടനം ചെയ്‌തു. അടുത്ത ആഴ്‌ച മുതലാണ് പൊതുജനങ്ങൾക്ക് പ്രദർശന നഗരിയിലേക്ക് പ്രവേശനം. പ്രദർശനം മെയ് 23ന് സമാപിക്കും.
Most Read: തൃശൂരിൽ നടുറോഡിൽ വെച്ച് വിദ്യാർഥിനികളെ പ്രധാനാധ്യാപിക മർദ്ദിച്ചതായി പരാതി