റവന്യൂ ഉൾപ്പടെയുള്ള വകുപ്പുകൾ പുതിയ മുഖം ആർജിച്ചു; കേരളം രാജ്യത്തിന് തന്നെ മാതൃക; മുഖ്യമന്ത്രി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. റവന്യൂ ഉൾപ്പടെയുള്ള സർക്കാർ വകുപ്പുകൾ പുതിയ മുഖം ആർജിച്ചുവെന്നും ജനങ്ങളെ കണക്കിലെടുത്തുള്ള ഇത്തരം മാറ്റങ്ങളിലൂടെ കേരളം രാജ്യത്തിന് തന്നെ മാതൃകയായതായും അദ്ദേഹം പറഞ്ഞു.

ഏറ്റവും വലിയ ജനകീയ ആവശ്യമായ പട്ടയ പ്രശ്‌നത്തിന് സർക്കാർ വലിയ മുൻഗണന നൽകിയതായും ഇനിയും പട്ടയം കിട്ടാനുള്ള അർഹരുടെ പ്രശ്‌നം ഗൗരവമായി കാണുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ദശാബ്‌ദങ്ങളായി സാങ്കേതിക പ്രശ്‌നങ്ങളിലും നിയമക്കുരുക്കുകളിലും പെട്ട് ഭൂമിയുടെ ഉടമസ്‌ഥാവകാശം നിഷേധിക്കപ്പെട്ട ഒരുപാട് പേർക്ക് പട്ടയം നൽകാനായി. ഇതുവരെ രണ്ടുലക്ഷത്തോളം പട്ടയങ്ങൾ ഈ സർക്കാരിന് നൽകാനായത് സർവകാല റെക്കോഡാണ്. കൂടാതെ, ഇനിയും പട്ടയം കിട്ടാൻ അർഹരായവരുടെ കാര്യം ഗൗരവമായി കാണും. ഈ പ്രശ്‌നം അതിവേഗം പരിഹരിക്കാൻ സംവിധാനമൊരുക്കും.

സാധാരണക്കാർ കൂടുതലെത്തുന്ന റവന്യൂ, വില്ലേജ് ഓഫീസുകൾ ജനസൗഹാർദ്ദപരമാക്കുക എന്നതാണ് പ്രധാനം. അത്തരത്തിൽ നവീകരിച്ച് ആധുനിക സേവനങ്ങൾ ലഭ്യമാക്കാനുള്ള നടപടികളാണ് എടുക്കുന്നത്. സ്‌മാർട് വില്ലേജ് ഓഫീസുകൾ ഒരുക്കുന്നത് ഇതിന്റെ ഭാഗമായാണ്. 441 സ്‌മാർട് വില്ലേജ് ഓഫീസുകൾ ഇതിനകം ആരംഭിച്ചു.

1,665 വില്ലേജ് ഓഫീസുകൾ നവീകരിച്ചു. മെച്ചപ്പെട്ട കെട്ടിടം, കുടിവെള്ളം, ഇരിപ്പിട സൗകര്യം, ശുചിമുറി തുടങ്ങിയവ സ്‌മാർട് വില്ലേജ് ഓഫീസുകളിൽ ഉണ്ടാകും. ജനങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനോടൊപ്പം ഭരണനിർവഹണം കൂടുതൽ മെച്ചപ്പെടുത്താനും നടപടി സ്വീകരിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇ-ഓഫീസ് സംവിധാനം ഫലപ്രദമായി റവന്യൂ വകുപ്പിലും വ്യാപിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ താലൂക്ക് ഓഫീസുകളിലും കളക്റ്ററേറ്റുകളിലും ആർഡിഒ ഓഫീസുകളിലും ഇ-ഓഫീസ് ആരംഭിച്ചിട്ടുണ്ട്.

13,320 പട്ടയ വിതരണങ്ങളുടെ ഉൽഘാടനത്തോടൊപ്പം പ്രകൃതി ദുരന്ത മുന്നറിയിപ്പ് ജനങ്ങളിൽ എത്തിക്കുന്നതിനുള്ള ഏർലി വാണിംഗ് ഡിസെമിനേഷൻ സിസ്‌റ്റത്തിന്റെ നിർമാണ ഉൽഘാടനം, 129 സ്‌മാർട് വില്ലേജ് ഓഫീസുകൾ, സ്‌റ്റാഫ്‌ ക്വാർട്ടേഴ്‌സ് (ഇടുക്കി), മിനി സിവിൽ സ്‌റ്റേഷൻ (ഇരിട്ടി), നാല് റവന്യൂ ഡിവിഷണൽ ഓഫീസുകൾ (കോട്ടയം, പാല, വടകര, മാനന്തവാടി), രണ്ട് താലൂക്ക് ഓഫീസുകൾ (മാവേലിക്കര, ചെങ്ങന്നൂർ), ഇടുക്കിയിൽ ആറ് റെസ്‌ക്യു ഷെൽട്ടറുകൾ, പുതിയ ഓഫീസ് നിർമ്മാണം (കണ്ണൂർ കലക്റ്ററേറ്റ്, മാനന്തവാടി, താമരശ്ശേരി താലൂക്ക് ഓഫീസുകൾ), കോൺഫറൻസ് ഹാൾ നിർമ്മാണം (കണ്ണൂർ താലൂക്ക് ഓഫീസ്) ചൊക്‌ളി വില്ലേജ് ഓഫീസിൽ കോൺഫറൻസ് ഹാൾ, സ്‌റ്റാഫ്‌ ക്വാർട്ടേഴ്‌സ് എന്നിവയുടെ നിർമാണ പ്രവർത്തികളുടെ ഉൽഘാടനവും , 16 സ്‌മാർട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉൽഘാടനം , ചാലാട്, കതിരൂർ എന്നിവിടങ്ങളിലെ ദുരിതാശ്വാസ അഭയ കേന്ദ്രങ്ങളുടെ ഉൽഘാടനം, മുതലമട, നരിപ്പറ്റ് (പാലക്കാട്) റവന്യൂ സ്‌റ്റാഫ്‌ ക്വാർട്ടേഴ്‌സുകളുടെ ഉൽഘാടനം എന്നിവയും മുഖ്യമന്ത്രി നിർവഹിച്ചു.

Also Read: ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ കൊച്ചിയിൽ യാഥാർഥ്യമായി; സർവീസ് മാർച്ച് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE