മുംബൈ: മുൻ ഇന്ത്യൻ ടീം നായകനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചു. ചൊവ്വാഴ്‌ചയാണ് അദ്ദേഹം അപേക്ഷ സമർപ്പിച്ചത്. ദേശീയ അക്കാദമിയിൽ രാഹുലിനൊപ്പമുള്ള പരസ് മാംബ്രെ (ബൗളിങ്), അഭയ് ശർമ (ഫീൽഡിങ്) എന്നിവരും പരിശീലക സംഘത്തിലേക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
ടി-20 ലോകകപ്പോടെ കാലാവധി കഴിയുന്ന രവി ശാസ്‌ത്രിയുടെ പിൻഗാമിയായി ദ്രാവിഡ് എത്തുമെന്ന് ഇതോടെ ഉറപ്പായി. ഐപിഎൽ ക്രിക്കറ്റിനിടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡണ്ട് സൗരവ് ഗാംഗുലിയും സെക്രട്ടറി ജെയ് ഷായും ദ്രവിഡുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് അദ്ദേഹം സമ്മതം മൂളിയത്.
ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയിലേക്ക് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്‌മൺ എത്തുമെന്നാണ് സൂചന. ദ്രാവിഡ് പരിശീലക സ്‌ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷിച്ച കാര്യം ബിസിസിഐ ഉദ്യോഗസ്‌ഥനാണ് വെളിപ്പെടുത്തിയത്.
രണ്ടു വർഷത്തേക്കാകും ദ്രാവിഡിന്റെ കരാറെന്നാണ് റിപ്പോർട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം വന്നിട്ടില്ല. നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫർ ദ്രാവിഡ് നിരസിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. 48കാരനായ ദ്രാവിഡ് നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യൻ അണ്ടർ-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനായിരുന്നു.
Read Also: ദത്ത് വിവാദം; അനുപമയുടെയും അജിത്തിന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും