തൃശൂര്‍: എസ് ഐയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള് ഇപ്പോഴും ഓണ്‍ലൈനില്‍ സജീവമെന്ന് പോലീസ് കണ്ടെത്തി. വരന്തരപ്പിള്ളി എസ് ഐ ചിത്തരഞ്ജന്റെ പേരിലാണ് ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയത്. എസ് ഐയുടെ യഥാര്‍ത്ഥ ഫേസ്ബുക്ക് അക്കൗണ്ടിലെ ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ചാണ് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയിരിക്കുന്നത്.
ഈ പ്രൊഫൈല്‍ ഉപയോഗിച്ച് വ്യാജന് എസ് ഐയുടെ സുഹൃത്തില്‍ നിന്ന് 8000 രൂപ തട്ടിയെടുത്തു. പലരുമായും ഇയാള്‍ എസ് ഐ ആണെന്ന വ്യാജേന ബന്ധപ്പെടുന്നുണ്ടെന്നും പോലീസ് പറയുന്നു.
വ്യാജ അക്കൗണ്ട് നിര്‍മിക്കാന്‍ ഉപയോഗിച്ച സിം കാര്‍ഡ് ഇപ്പോള്‍ രാജസ്ഥാനില്‍ ഉപയോഗത്തിലുണ്ടെന്ന് പോലീസ് കണ്ടെത്തി. വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് സിം വാങ്ങിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സമാനമായ സംഭവം കണ്ണൂരിലും ഉണ്ടായിട്ടുണ്ട്. ഇവിടെ ഇന്‍സ്പെക്ടറുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയതും രാജസ്ഥാനില്‍ ഉപയോഗത്തിലുള്ള സിം കാര്‍ഡില്‍ നിന്നാണ്. രണ്ട് സംഭവത്തിന് പിന്നിലും ഒരാള്‍ തന്നെയാണോ എന്ന് പോലീസ് സംശയിക്കുന്നു.