പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ എത്തുന്ന സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘വർത്തമാനം‘ റിലീസിനൊരുങ്ങുന്നു. ആര്യാടൻ ഷൗക്കത്ത് തിരക്കഥ ഒരുക്കിയ ചിത്രത്തിന് നേരത്തെ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ഇന്ത്യയിൽ നിരന്തരം ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുണ്ടാവുന്ന ഭീഷണികൾ ചൂണ്ടിക്കാട്ടി സാമൂഹ്യ മാദ്ധ്യമങ്ങളിലും ചർച്ചകൾ നടന്നിരുന്നു. ഫെബ്രുവരി 19നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.
ജെഎൻയു സമരം പ്രമേയം ആയ സിനിമക്ക് കേരള സെൻസർ ബോർഡ് പ്രദർശനത്തിന് അനുമതി നിഷേധിച്ചെങ്കിലും മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ചെറിയമാറ്റങ്ങളോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നൽകുകയായിരുന്നു.
‘തിരസ്ക്കാരങ്ങളെ അതിജീവിച്ച് വർത്തമാനം എത്തുന്നു’, എന്നാണ് റിലീസിംഗ് വിവരം പങ്കുവച്ച് ആര്യാടൻ ഷൗക്കത്ത് ഫേസ്ബുക്കിൽ കുറിച്ചത്. ചിത്രത്തിന് അനുമതി നിഷേധിക്കാനുള്ള കാരണം ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് അംഗവും ബിജെപി നേതാവുമായ വി സന്ദീപ് കുമാർ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റും വിവാദമായിരുന്നു.
പാർവതിക്ക് പുറമെ റോഷൻ മാത്യു, നിർമ്മൽ പാലാഴി എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറും, ആര്യാടൻ ഷൗക്കത്തും ചേർന്നാണ് ചിത്രം നിർമിച്ചത്. ‘സഖാവ്’ എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
Read Also: തമിഴ് റോക്കേര്‍സ് ഉള്‍പ്പടെയുള്ള പൈറസി സൈറ്റുകളില്‍ ‘മാസ്റ്റര്‍’ എച്ച്ഡി പതിപ്പ് ചോര്‍ന്നു