ചർമം എന്നെന്നും സുന്ദരമായി നിലനിൽക്കാൻ ആഗ്രഹിക്കുന്നവരാണ് കൂടുതൽപേരും. ചർമ സംരക്ഷണത്തിന് പല ഉപായങ്ങളും നാം തേടാറുണ്ട്. ചർമത്തിന് ശരിയായ സംരക്ഷണം നൽകിയാല്‍ അകാലത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍, മുഖക്കുരു, കറുത്ത പാടുകൾ എന്നിവയെ അകറ്റി നിർത്താൻ സാധിക്കും.
ഇത്തരത്തില്‍ മുഖത്തെ ചുളിവുകൾ, മുഖക്കുരു, പാടുകൾ എന്നിവയെ അകറ്റി സുന്ദരമായ ചർമം സ്വന്തമാക്കാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകകളെ പരിചയപ്പെടാം. വീട്ടിൽ വെച്ചുതന്നെ നമുക്ക് എളുപ്പത്തിൽ പരീക്ഷിച്ചു നോക്കാവുന്ന ടിപ്‌സുകൾ ആണിവ.
1)ഒരു നുള്ള് മഞ്ഞളും മൂന്ന് ടേബിള്‍ സ്‌പൂണ്‍ കടലമാവും ഒരു ടീസ്‌പൂണ്‍ ഒലീവ് ഓയിലും അല്‍പം നാരങ്ങാ നീരും ചേര്‍ത്ത് പേസ്‌റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.
2)പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. അതുപോലെ തന്നെ പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ചര്‍മത്തിലെ ചുളിവുകളെ തടയുന്നു.
പപ്പായ ഫേസ് പാക്ക് തയ്യാറാക്കാനായി ആദ്യം നല്ലപോലെ വിളഞ്ഞ പപ്പായ നാലായി മുറിച്ചതിന് ശേഷം അതില്‍ നിന്ന് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്‌പൂണ്‍ തേനും അര ടീസ്‌പൂണ്‍ നാരങ്ങാ നീരും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം.
3)ചര്‍മ സംരക്ഷണത്തിന് കറ്റാർവാഴ വളരെ സഹായകമാണ്. ഒരു ടീസ്‌പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്‌പൂൺ വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.
4)രണ്ട് ടീസ്‌പൂണ്‍ ഓട്സ്, ഒരു ടീസ്‌പൂണ്‍ തേൻ എന്നിവ നന്നായി മിക്‌സ് ചെയ്‌ത ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മൃദുവായതും ഈർപ്പമുള്ളതുമായ ചർമ്മം ലഭിക്കുന്നത് ഇത് സഹായിക്കും.
5)ഒരു ടീസ്‌പൂൺ അരച്ച മത്തങ്ങയിലേക്ക് ഒരു സ്‌പൂൺ കാപ്പിപ്പൊടി ചേർക്കണം. ഇതിലേക്ക് മൂന്ന് സ്‌പൂൺ തൈരും അര ടീസ്‌പൂൺ തേനും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. 10 മിനിറ്റ് നേരം പാക്ക് മുഖത്തു പുരട്ടി മസാജ് ചെയ്യാം.
Most Read: സൈക്കോളജിക്കല്‍ ത്രില്ലറുമായി പ്രഭുദേവ; ‘ബഗീര’ ട്രെയ്‌ലർ പുറത്ത്