ലണ്ടൻ: ലണ്ടനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ സംഘത്തിൽ രണ്ടുപേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതേത്തുടർന്ന് ഇന്ത്യൻ പ്രതിനിധി സംഘം മുഴുവൻ സ്വയം ഐസൊലേഷനിലേക്ക് മാറിയിരിക്കുകയാണ്.
ഇന്ത്യൻ സംഘത്തിലെ രണ്ടുപേർക്ക് കോവിഡ് സ്‌ഥിരീകരിച്ച വിവരം ബ്രിട്ടീഷ് അധികൃതരാണ് പുറത്തുവിട്ടത്. അതേസമയം, വൈറസ് സ്‌ഥിരീകരിച്ചവരിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇല്ലെന്ന് ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോർട് ചെയ്‌തു. കോവിഡ് വാർത്തയെ കുറിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതികരിച്ചിട്ടില്ല.
ശക്‌തമായ കോവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് ഉച്ചകോടി നടക്കുന്നത്. മുഴുവൻ പ്രതിനിധികളെയും ദിവസവും ടെസ്‌റ്റ് നടത്തി കോവിഡില്ലെന്ന് സ്‌ഥിരീകരിച്ച ശേഷമാണ് യോഗം നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിക്കുക. അതേസമയം, ഐസൊലേഷനിൽ കഴിയുന്ന ഇന്ത്യൻ സംഘം ഓൺലൈനായി ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ജി7 അംഗമല്ലെങ്കിലും ഈ വർഷത്തെ അതിഥിയായാണ് ഇന്ത്യക്ക് ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും അതിഥി രാജ്യങ്ങളായി പങ്കെടുക്കുന്നുണ്ട്.
Also Read: ചാമ്പ്യൻസ് ലീഗ്; സെമിഫൈനൽ രണ്ടാം പാദത്തിൽ ചെൽസി-റയൽ പോരാട്ടം