സ്‌റ്റാംഫോർഡ് ബ്രിഡ്‌ജ്: ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ ചെൽസിയെ നേരിടാൻ ഒരുങ്ങി റയൽ മാഡ്രിഡ്. ആദ്യപാദത്തിൽ റയലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. നാളെ പുലർച്ചെ 12.30നാണ് മൽസരം.
ഇതിലൂടെ ലഭിച്ച എവേ ഗോൾ ആനുകൂല്യം മുതലെടുക്കുക എന്നതാണ് ചെൽസിയുടെ ലക്ഷ്യം. പരിക്കിൽ നിന്ന് കരകയറിയ സെർജിയോ റാമോസ്, ഫെർലാൻഡ് മെൻഡി, ഫെഡെ വാൽവർഡെ എന്നിവരിൽ നിന്ന് ആവശ്യമായ സഹായം റയലിന് ലഭിക്കും.
അതേസമയം എൻഗോളോ കാന്റെ, തിയാഗോ സിൽവ, പുലിസിച്ച്, ഹക്കീം സിയേക്ക്, വെർണർ എന്നിവരിലാണ് ചെൽസിയുടെ പ്രതീക്ഷ. പരിശീലകൻ ട്യുഷേലിന് കീഴിൽ മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന ബ്ളൂസിന് വെർണറുടെ ഫോമില്ലായ്‌മ മാത്രമാണ് ഏക തിരിച്ചടി.
എന്നാൽ നിർണായക മൽസരത്തിൽ മികച്ച പ്രകടനം പ്രതീക്ഷിച്ചാണ് ടീം ഇറങ്ങുന്നത്. ജയിക്കുന്നവർക്ക് ഫൈനലിൽ മാഞ്ചസ്‌റ്റർ സിറ്റിയാവും എതിരാളികൾ. രണ്ടാം പാദ മൽസരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്‌ജിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റി തകർത്തത്. റിയാദ് മെഹ്‌റസ് ടീമിനായി ഇരട്ടഗോൾ നേടി.
Read Also: കോവിഡ് തിരിച്ചടിയായി; റിലീസ് കാത്തിരിക്കുന്നത് 120ഓളം ചിത്രങ്ങൾ