തിരുവനന്തപുരം: പാതയോരങ്ങളിൽ കൊടിമരങ്ങൾ സ്‌ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയിൽ വ്യക്‌തമാക്കി സർക്കാർ. അതിനാൽ എല്ലാ പാർട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചു വരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം കൊടിമരങ്ങൾ നിയമവിരുദ്ധമാണെങ്കിൽ എന്തുകൊണ്ടാണ് നിയമപരമായ നടപടികൾ സ്വീകരിക്കാത്തതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. അതിന് പിന്നാലെയാണ് എല്ലാ പാർട്ടികളുടെയും സമവായതോടെ കൊടിമരങ്ങൾ നീക്കം ചെയ്യുന്നതിനെ പറ്റിയുള്ള ആലോചനകൾ പുരോഗമിക്കുകയാണെന്ന് സർക്കാർ മറുപടി നൽകിയത്.
കൂടാതെ സംസ്‌ഥാനത്തെ പാതയോരങ്ങളിൽ സ്‌ഥാപിച്ചിട്ടുള്ള അനധികൃത കൊടിമരങ്ങളുടെ കാര്യത്തിൽ നയം രൂപീകരിക്കുന്നതിനായി 3 മാസത്തെ സമയം സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്രയും സമയം നൽകാൻ സാധിക്കില്ലെന്ന നിലപാടിലാണ് കോടതി. ഭൂസംരക്ഷണ നിയമപ്രകാരം അനധികൃത കൊടിമരങ്ങൾക്കെതിരെ നടപടി എടുക്കാൻ കളക്‌ടർമാർക്ക് നിർദ്ദേശം നൽകണമെന്നും, എടുത്ത നടപടികൾ അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
Read also: പച്ചക്കറി ഏജന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; പ്രതികളെ റിമാൻഡ് ചെയ്‌തു