മലപ്പുറം: ജില്ലയിലെ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണം അനന്തമായി നീളുന്നത് സർക്കാരിന്റെ അവഗണന മൂലമെന്ന് പി ഉബൈദുള്ള എംഎൽഎ. ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2016 ൽ ആരംഭിച്ച പദ്ധതിയാണ് അനന്തമായി നീളുന്നത്. നിലവിൽ കെട്ടിടത്തിന്റെ 70 ശതമാനം പണി മാത്രമാണ് പൂർത്തിയായതെന്നും എംഎൽഎ പറഞ്ഞു.
ഏഴ് കോടിയിലധികം രൂപ ചിലവഴിച്ചാണ് ബസ് ടെർമിനൽ കം ഷോപ്പിങ് സമുച്ചയത്തിന്റെ ഇതുവരെയുള്ള നിർമാണം പൂർത്തീകരിച്ചത്. ഇനിയും മൂന്ന് കോടി രൂപ കൂടി വേണമെന്നാണ് വിലയിരുത്തൽ. മലപ്പുറം ജില്ലാ ആസ്‌ഥാനത്തെ കെഎസ്ആർടിസി ടെർമിനൽ പുതുവർഷ സമ്മാനമായി 2022 ജനുവരി ആദ്യം ഉൽഘാടനം ചെയ്യുമെന്നായിരുന്നു ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം. നിർമാണം വേഗത്തിലാക്കുമെന്നും പലഘട്ടങ്ങളിലായി മന്ത്രി ഉറപ്പ് നൽകിയിരുന്നു.
എന്നാൽ, ഈ ഉറപ്പുകൾ എല്ലാം പാഴ്‌വാക്കായെന്നാണ് എംഎൽഎ പറയുന്നത്. കെട്ടിടത്തിൽ ടൈൽ വിരിക്കുന്നത് അടക്കമുള്ള പ്രവൃത്തികളാണ് അവശേഷിക്കുന്നത്. പഴയ കെട്ടിടങ്ങൾ പൂർണമായി പൊളിച്ചുനീക്കി യാർഡുമൊരുക്കണം. ഇതെല്ലാം പൂർത്തിയായി ടെർമിനൽ എപ്പോൾ പൊതുജനങ്ങൾക്ക് സമർപ്പിക്കാൻ കഴിയുമെന്ന കാര്യത്തിൽ ഒരു ഉറപ്പും നൽകാൻ കഴിയുന്നില്ലെന്നും എംഎൽഎ വ്യക്‌തമാക്കി.
Most Read: തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ പൊതുസമ്മേളനം റദ്ദാക്കി സിപിഎം