കൽപ്പറ്റ: മേപ്പാടി-ചൂരൽമല റോഡ് പ്രവൃത്തിക്ക് പച്ചക്കൊടി. റോഡിന് ആവശ്യമായ സ്‌ഥലം വിട്ടുനൽകാൻ തോട്ടമുടമകൾ സമ്മതം അറിയിച്ചതോടെയാണ് മലയോര മേഖലയുടെ ഏറെ നാളത്തെ റോഡെന്ന സ്വപ്‍നം പൂവണിയാൻ പോകുന്നത്. റോഡുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി അഡ്വ. ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് തോട്ടം ഉടമകൾ സ്‌ഥലം വിട്ടുനൽകാൻ സമ്മതം അറിയിച്ചത്.
കഴിഞ്ഞ 17ന് റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് യോഗം നടന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് കഴിഞ്ഞ ദിവസവും തോട്ടം ഉടമകൾ, ഉദ്യോഗസ്‌ഥർ, കരാറുകാരന്റെ പ്രതിനിധി എന്നിവർ പങ്കെടുത്ത യോഗം നടന്നത്. പോഡാർ പ്ളാന്റിന്റേയും എവിടിയും സ്‌ഥലം വിട്ട് തരുമെന്ന് യോഗത്തിൽ അറിയിച്ചു. ഹാരിസൺ മലയാളം സ്‌ഥലം വിട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് ഡയറക്‌ടർ ബോർഡ് കൂടി ഉചിതമായ തീരുമാനം എടുക്കുമെന്നും യോഗത്തിൽ വ്യക്‌തമാക്കി.
റോഡ് വികസനം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. അതേസമയം, റോഡ് നിർമാണം വൈകുന്നത് ഒഴിവാക്കുന്നതിനായി നിലവിലുള്ള കരാറുകാരൻ തന്നെ ബാക്കിയുള്ള പ്രവൃത്തി നടത്താനും ജില്ലാ കളക്‌ടർ എ ഗീത നിർദ്ദേശിച്ചു.
Most Read: മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നു; ആശ്വാസം