തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്കാണ് സാധ്യത. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിലില്ലെങ്കിലും കനത്ത മഴ പെയ്‌ത പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പും ഉണ്ട്.
മധ്യകേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്. നാളെ കോഴിക്കോട് മുതൽ കാസർഗോഡ് വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
അതിനിടെ, 2040 ആകുമ്പോഴേക്കും കേരളം ഉൾപ്പടെ രാജ്യത്തെ വിവിധയിടങ്ങളിൽ കടൽനിരപ്പ് ഉയരുമെന്ന റിപ്പോർട് പുറത്തുവന്നു. ബെംഗളൂരു ആസ്‌ഥാനമായുള്ള സെന്റർ ഫോർ സ്‌റ്റഡി ഓഫ് സയൻസ്, ടെക്‌നോളജി ആൻഡ് പോളിസി (സിഎസ്‌ടിഇപി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
മുംബൈ, ചെന്നൈ, പനജി നഗരങ്ങളിൽ 10 ശതമാനവും കൊച്ചിയിൽ ഒന്ന് മുതൽ അഞ്ചു ശതമാനം വരെയും കരഭൂമി മുങ്ങിയേക്കുമെന്നാണ് പഠനം മുന്നറിയിപ്പ് നൽകുന്നത്. കൂടാതെ മംഗളൂരു, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലും അഞ്ചു ശതമാനം വരെ ഭൂമി വെള്ളത്തിനടിയിൽ ആയേക്കുമെന്നാണ് പഠനം പറയുന്നത്. തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പടെ 15 തീരദേശ നഗരങ്ങളിൽ നടത്തിയ നഗരത്തിൽ മുംബൈയിലാണ് ഭീഷണി കൂടുതലെന്നാണ് കണ്ടെത്തൽ.
Most Read| ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു, പൊട്ടിയപ്പോൾ പുറത്തുവന്നത് നിധിക്കൂമ്പാരം!