കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. കോഴിക്കോട് നഗരത്തിൽ ശക്‌തമായ മഴയാണ് പെയ്യുന്നത്. കുറ്റ്യാടി മേഖലയിലും മഴ തിമിർത്തു പെയ്യുകയാണ്. നഗരത്തിലും മലയോര മേഖലകളിലും വളരെ ചെറിയ സമയം കൊണ്ട് തന്നെ വലിയ തോതിൽ വെള്ളം കയറുന്ന അവസ്‌ഥയാണ് നിലവിലുള്ളത്.
കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന സ്‌ഥലങ്ങൾ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്‌തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്.
അടിവാരം ടൗൺ വെള്ളത്തിനടിയിലായി. നഗരത്തിലെ കടകളിൽ പലതിലും വെള്ളം കയറി. മലഞ്ചെരുവിലുള്ള പ്രദേശങ്ങളിൽ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. അടിവാരം ടൗണിലേക്ക് മണ്ണിടിച്ചിലിന്റെ ഭാഗമായാണ് വലിയ തോതിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് വിവരം. നിലവിൽ അടിവാരം ടൗണിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്.
അടിവാരം ടൗണിൽ വെള്ളപ്പൊക്കം ഉണ്ടായതോടെ കോഴിക്കോട്-വയനാട് ദേശീയ പാതയിൽ ഗതാഗതം സ്‌തംഭിച്ചു. കനത്ത മഴയിൽ ഗ്രാമീണ മേഖലകളിലും വെള്ളം ഉയരുന്ന സാഹചര്യമാണുള്ളത്.
അതേസമയം സംസ്‌ഥാനത്തെ കൂടുതല്‍ ജില്ലകളില്‍ ഇന്ന് തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്നും നാളെയും ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, മലപ്പുറം, തൃശൂർ, പാലക്കാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.
Most Read: കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാൽസംഗ ഭീഷണി; വനിതാ കമ്മീഷൻ കേസെടുത്തു