പാലക്കാട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാഞ്ഞിരപ്പുഴ ഡാം തുറന്നു. ഡാമിന്റെ 3 ഷട്ടറുകളും 10 സെന്റീമീറ്ററിലധികം ഉയർത്തിയിട്ടുണ്ട്. 97.5 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. ഇന്നലെ 92.95 മീറ്ററായി ജലനിരപ്പ് ഉയർന്നതോടെയാണ് ഡാം തുറന്നുവിട്ടത്. ഡാമിൻററെ വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. കാഞ്ഞിരപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ശിരുവാണി അണക്കെട്ടും തുറന്നു വിടാനുള്ള സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 875.6 മീറ്ററാണെങ്കിലും ഡാം സുരക്ഷാ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം ജലനിരപ്പ് 877 മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 872.6 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഡാമിന്റെ വൃഷി പ്രദേശങ്ങളിൽ മഴ കനത്ത് പെയ്യുകയാണ്. ഇതോടെ ജലനിരപ്പ് ക്രമീകരിക്കാൻ ഇന്ന് ഡാമിന്റെ റിവർ സ്ളൂയിസ് വഴി വെള്ളം ശിരുവാണി പുഴയിലേക്ക് ഒഴുക്കി വിടുമെന്ന് എക്‌സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.
മംഗലം ഡാമിന്റെ 3 ഷട്ടറുകളും 75 സെന്റീമീറ്റർ വീതം നേരത്തേ തുറന്നിരുന്നു. 76.40 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. മലമ്പുഴ ഡാമിൽ 106.62 മീറ്റർ, പോത്തുണ്ടി ഡാമിൽ- 100.86 മീറ്റർ, മീങ്കര- 153.36 മീറ്റർ, ചുള്ളിയാർ- 144.93 മീറ്റർ, വാളയാർ-196.95 മീറ്റർ ആയി ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികൾ കോടികളുടെ റിസോർട്ട് നിർമ്മാണം ആരംഭിച്ചിരുന്നതായി കണ്ടെത്തൽ