പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയ’ത്തിലെ ടീസർ പുറത്ത്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. പ്രേക്ഷകർ ഏറ്റെടുത്ത ‘ദർശന’ ഗാനത്തിന് പിന്നാലെ പുറത്തുവിട്ട ടീസറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈൻമെൻസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്‌മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിശ്വജിത്ത് ഒടുക്കത്തിലാണ്.
മെറിലാന്റ് സിനിമാസിന്റെ 70ആം വർഷത്തിലൊരുങ്ങുന്ന 70ആമത്തെ ചിത്രമെന്ന പ്രത്യേകതയുണ്ട് ‘ഹൃദയ’ത്തിന്. മാത്രവുമല്ല 40 വർഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.
2022 ജനുവരിയിൽ ചിത്രം മെറിലാന്റ് സിനിമാസ് പ്രദർശനത്തിനെത്തിക്കും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം തരംഗമായിരുന്നു. ഹിഷാം അബ്‌ദുൾ വഹാബ് ഈണം നൽകിയ ‘ദർശന’ ഗാനം 12 മില്യൺ കാഴ്‌ചക്കാരുമായി ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ്ങിൽ തുടരുകയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്.
അജു വർഗീസ്, വിജയരാഘവൻ, ജോണി ആന്റണി, അശ്വത് ലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Most Read: ആഴക്കടലിലെ കൗതുകം; ചില്ലു നീരാളിയുടെ വീഡിയോ വൈറലാകുന്നു