ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ്. 2026 മുതൽ 2032 വരെയുള്ള ഏഴ് വർഷക്കാലയളവിൽ 15.5 ബില്യൺ ഡോളർ (ഏകദേശം 1.47 ലക്ഷം കോടി രൂപ) ഇന്ത്യയിൽ നിക്ഷേപിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.
ഹ്യുണ്ടായ് എക്സിക്യൂട്ടീവ് ചെയർമാൻ യൂയ്സൺ ചുങ്ങും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വന്നത്. നിർമാണം, ഗവേഷണ-വികസന പ്രവർത്തനങ്ങൾ, ഭാവിയിലെ മൊബിലിറ്റി സാങ്കേതിക വിദ്യകൾ എന്നിവയെ പിന്തുണയ്ക്കാനാണ് ഈ നിക്ഷേപത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
ഈ നിക്ഷേപ പദ്ധതി നടപ്പിലാക്കുന്നതിനായി ഇന്ത്യയിൽ ഒരു പ്രത്യേക നിക്ഷേപ സ്ഥാപനം രൂപീകരിക്കുമെന്നും ഹ്യുണ്ടായ് അറിയിച്ചു. ഹ്യുണ്ടായ്, കിയ വാഹനങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിന് ഈ നിക്ഷേപപത്തിന്റെ ഗണ്യമായ ഭാഗം വിനിയോഗിക്കും. പ്രാദേശികവൽക്കരണം വർധിപ്പിക്കും. സുപ്രധാന കയറ്റുമതി കേന്ദ്രമെന്ന നിലയിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നു.
വാഹന പരീക്ഷണ പാത (വെഹിക്കിൾ ടെസ്റ്റിങ് ട്രാക്ക്) അടക്കമുള്ള ഇന്ത്യയിലെ ഗവേഷണ വികസന പ്രവർത്തനങ്ങളിൽ ഏകദേശം 700 മില്യൺ (70 കോടി) യുഎസ് ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതിയും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. സമഗ്രമായ ഗവേഷണ സംവിധാനങ്ങൾ കെട്ടിപ്പടുക്കാം, പ്രാദേശിക തലത്തിൽ വിദഗ്ധരെ കണ്ടെത്തി വളർത്തിയെടുക്കും, നൂതന ഓട്ടോമോട്ടീവ് സാങ്കേതിക വിദ്യകളിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഈ നിക്ഷേപം ലക്ഷ്യമിടുന്നുവെന്നും കമ്പനി അറിയിച്ചു.
ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പിന് നിലവിൽ ഇന്ത്യയിൽ 24,000ത്തിലധികം ജീവനക്കാരുണ്ട്. ചെന്നൈ, പൂണെ, അനന്ത്പുർ എന്നിവിടങ്ങളിലെ പ്ളാന്റുകൾ ഉൾപ്പടെ ഹ്യുണ്ടായ്, കിയ എന്നീ ബ്രാൻഡുകളിൽ പ്രതിവർഷം 14 ലക്ഷത്തിലധികം വാഹനങ്ങൾ നിർമിക്കാനുള്ള സംയുക്ത ശേഷി കമ്പനിക്കുണ്ട്.
പുതിയ നിക്ഷേപ പദ്ധതി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഹന നിർമാതാക്കൾ പ്രതീക്ഷിക്കുന്നു. കാർ നിർമാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സിന്റെ കണക്കുപ്രകാരം മാരുതി സുസുക്കിയാണ് ഇന്ത്യയിൽ ഏറ്റവുമധികം കാറുകൾ വിൽക്കുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര രണ്ടാമതും ഹ്യുണ്ടായ് മൂന്നാമതുമാണ്.
Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം


































