ചെന്നൈ: പൂട്ടിയിട്ട ഒരു മുറിക്കുള്ളിൽ സ്‌ത്രീയേയും പുരുഷനേയും ഒരുമിച്ചു കണ്ടാൽ അവർ തമ്മിൽ അനാശാസ്യ ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് കരുതാനാകില്ലെന്ന് തമിഴ്‌നാട് ഹൈക്കോടതി. വനിതാ കോൺസ്‌റ്റബിളിനൊപ്പം ഒരുമുറിയിൽ കണ്ടെത്തിയെന്ന് ആരോപിച്ച് സായുധ റിസർവ് പോലീസ് കോൺസ്‌റ്റബിളിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട കേസ് പരിഗണിക്കവെയാണ് കോടതി സുപ്രധാന പരാമർശം നടത്തിയത്.
അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും ശിക്ഷ വിധിക്കുന്നതിനും സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം അനുമാനങ്ങൾ അടിസ്‌ഥാനമാകരുതെന്ന് ജസ്‌റ്റിസ് ആർ സുരേഷ് കുമാർ പറഞ്ഞു. ഉദ്യോഗസ്‌ഥനെ പിരിച്ചുവിട്ട ഉത്തരവ് കോടതി തള്ളി.
1998ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. വനിതാ കോൺസ്‌റ്റബിളിനൊപ്പം മുറിയിൽ ഒന്നിച്ചു കണ്ടുവെന്ന് ആരോപിച്ച് കോൺസ്‌റ്റബിൾ ശരവണ ബാബുവിനെതിരേയാണ് നടപടി സ്വീകരിച്ചത്.
തൊട്ടടുത്ത് താമസിക്കുന്ന വനിതാ കോൺസ്‌റ്റബിൾ വീടിന്റെ താക്കോൽ തിരഞ്ഞാണ് തന്റെ വീട്ടിലെത്തിയത്. ആ സമയത്ത് മറ്റാരോ ആണ് വാതിൽ പുട്ടിയത്. അയൽവാസികൾ വന്ന് വാതിൽ മുട്ടിയപ്പോൾ മുറി പൂട്ടിയിട്ട നിലയിലായിരുന്നു. ഇതുകണ്ടാണ് അനാശാസ്യ പ്രവർത്തനം സംശയിച്ചതെന്നുമാണ് ശരവണ ആരോപിക്കുന്നത്.
കേസിൽ രണ്ട് കോൺസ്‌റ്റബിൾമാരും തമ്മിൾ തെറ്റായ ബന്ധമുണ്ടെന്ന് തെളിയിക്കാൻ ദൃക്‌സാക്ഷിയോ വ്യക്‌തമായ തെളിവുകളോ ഇല്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു.
Read Also: ഇന്ത്യനാണ്, അതിനാൽ കർഷകർക്കൊപ്പം; പ്രകാശ് രാജ്