പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തിയത് യുവതിയല്ലെന്ന് വ്യക്‌തമാക്കി ദേവസ്വം ബോർഡ്. നടൻ ചിരഞ്‌ജീവിക്കൊപ്പം യുവതി ശബരിമലയിൽ ദർശനം നടത്തിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തഗോപൻ ഇക്കാര്യം വ്യക്‌തമാക്കി രംഗത്ത് വന്നത്. ദര്‍ശനം നടത്തിയ സ്‌ത്രീക്ക് 56 വയസ് പ്രായമുണ്ടെന്നും, ജനന തീയതി കാണിക്കുന്ന ആധാര്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് അവരെ കടത്തിവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അറിയിച്ചു. ആധാർ കാർഡ് പ്രകാരം ശബരിമലയിൽ ദർശനം നടത്തിയ സ്‌ത്രീയുടെ ജനന വർഷം 1966 ആണ്. കഴിഞ്ഞ 2 വർഷവും അവർ ശബരിമലയിൽ ദർശനത്തിന് എത്തിയെന്നും, ശബരിമലയില്‍ യുവതിയെ കയറ്റിയെന്ന തരത്തില്‍ ബോധപൂര്‍വം വ്യാജ പ്രചാരണം നടത്തുന്നതിനുള്ള ശ്രമമാണ് നടന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വ്യക്‌തമാക്കി.
സമൂഹ മാദ്ധ്യമങ്ങളിൽ വന്ന ഫോട്ടോയാണ് ഇപ്പോൾ ഇത്തരത്തിലെ വ്യാജ പ്രചാരണത്തിന് വഴിവച്ചത്. നടൻ ചിരഞ്‌ജീവിക്കൊപ്പം യുവതി ക്ഷേത്രത്തിൽ ദർശനം നടത്തിയെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ വിശദീകരണവുമായി ദേവസ്വം ബോർഡ് അധികൃതർ രംഗത്തെത്തിയത്.
Read also: മണിപ്പൂർ തിരഞ്ഞെടുപ്പ്: ഭീഷണിയും കൈക്കൂലിയുംകൊണ്ട് ബിജെപി അധികാരം പിടിച്ചെടുത്തു; പ്രിയങ്ക