കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം എന്നാവശ്യപ്പെട്ട് സിപിഎം സ്‌ഥാനാർഥി എം സ്വരാജ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ എതിർ കക്ഷിയായ കെ ബാബുവിന് ഹൈക്കോടതി നേരത്തെ നോട്ടീസയച്ചിരുന്നു.
മണ്ഡലത്തിൽ ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യർഥിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് കോടതിയെ സമീപിച്ചത്. ചുവരെഴുത്തിലും സ്ളിപ്പിലും അയ്യപ്പന്റെ ചിത്രവും പേരും ഉപയോഗിച്ചെന്നും ഇത് ചട്ടലംഘനമാണെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ‘അയ്യപ്പന് ഒരു വോട്ട്’ എന്ന് അച്ചടിച്ച തിരഞ്ഞെടുപ്പ് സ്ളിപ്പ് മണ്ഡലത്തിൽ വിതരണം ചെയ്‌തെന്നും ഹരജിയിൽ പറയുന്നു.
സ്ളിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്‌നവും ഉൾപ്പെടുത്തി. മൽസരം ശബരിമല അയ്യപ്പനും, എം സ്വരാജും തമ്മിലാണെന്ന് ബാബു പ്രചാരണം നടത്തിയെന്നും ഹരജിയില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജിന്റെ ആവശ്യം.
Read Also: ഈ സ്വത്തുക്കളെല്ലാം രാജ്യത്തിന്റേത്, ബിജെപിയുടേതല്ല; മമതാ ബാനര്‍ജി