കൊൽക്കത്ത: ആസ്‌തികൾ വിറ്റഴിച്ച് ധനസമാഹരണം നടത്താനുള്ള കേന്ദ്ര പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്ത് നിന്ന് വിറ്റഴിക്കുന്ന ആസ്‌തികള്‍ ബിജെപിയുടെയോ നരേന്ദ്ര മോദിയുടേതോ അല്ലെന്നും രാജ്യത്തിന്റേത് മാത്രമാണെന്നും മമതാ ബാനര്‍ജി പ്രതികരിച്ചു. രാജ്യം വിറ്റഴിക്കാനുള്ള ഗൂഡതന്ത്രമാണ് നടന്നു കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് അവരുടെ താൽപര്യത്തിന് അനുസൃതമായി രാജ്യത്തിന്റെ ആസ്‌തികള്‍ വില്‍ക്കാന്‍ അവകാശമില്ലെന്നും മമത വ്യക്‌തമാക്കി.
“ഈ സ്വത്തുക്കളെല്ലാം രാജ്യത്തിന്റേതാണ്. അത് വില്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല. രാജ്യം ഒന്നടങ്കം ജനവിരുദ്ധമായ ഈ തീരുമാനത്തെ എതിര്‍ക്കും”- മമതാ ബാനര്‍ജി പറഞ്ഞു. ധനസമാഹരണ പദ്ധതിയുടെ മറവില്‍ രാജ്യത്തിന്റേത് മാത്രമായ സ്വത്തുക്കള്‍ വിറ്റ് ആ പണം തിരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി ഉപയോഗിക്കുമെന്നും മമത ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള ആസ്‌തി വിറ്റ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. റോഡ്, റെയില്‍വേ, ഊര്‍ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍, വൈദ്യുതി നിലയങ്ങള്‍, ഖനികള്‍ തുടങ്ങി 13 അടിസ്‌ഥാനസൗകര്യ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്ന് തുക സമാഹരിക്കാനാണ് കേന്ദ്ര നീക്കം.
Read also: മുഴുവൻ അധ്യാപകർക്കും വാക്‌സിൻ നൽകാൻ നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി