തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുമെന്നും ശനിയാഴ്‌ച ദിവസങ്ങളിലും ക്‌ളാസുകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യത്തിന് മറുപടിയായാണ് ഇദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറി. ഇത് മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും. സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകണമെന്നതാണ് സർക്കാരിന്റെ നയം. ഇതിനായി എല്ലാ സ്‌കൂളുകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഒരുക്കും. അതാത് സ്‌കൂളുകളിലെ പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാകും ഉച്ചഭക്ഷണം വിതരണം നടപ്പാക്കുക.
ശനിയാഴ്‌ച അടക്കമുള്ള ദിവസങ്ങൾ സ്‌കൂളുകൾക്ക് പ്രവർത്തി ദിവസമായിരിക്കും. ഉച്ച വരെയാണ് ക്‌ളാസുകൾ ഉണ്ടായിരിക്കുക. എൽപി സ്‌കൂളിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന തോതിലായിരിക്കും വിദ്യാർഥികളെ ഇരിക്കാൻ അനുവദിക്കുക. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്‌കുകൾ തുറക്കും. സ്‌കൂളുകൾ തുറക്കാതെ കിടക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സ്‌കൂളുകളിലെ ക്‌ളാസുകൾ തൊട്ടടുത്തുള്ള മറ്റൊരു സ്‌കൂളിൽ വെച്ച് നടത്താനും ആലോചനയുണ്ട്.
സ്‌കൂൾ വാഹനങ്ങളുടെ അറ്റകുറ്റ പണികൾ പൂർത്തീകരിക്കുന്നതിന് പിടിഎയുടെയും നാട്ടുകാരുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് കെഎസ്‌ആർടിസി നിരക്കിളവ് നൽകാൻ തയ്യാറായിട്ടുണ്ട്. സ്വകാര്യ ബസുകളുമായി ചർച്ച നടത്തി രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Also Read: യാത്രയ്‌ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിയ്‌ക്ക് സുഖപ്രസവം