നെടുമ്പാശേരി: എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി വിമാനത്തിൽ മലയാളി യുവതിയ്‌ക്ക് സുഖപ്രസവം. ചൊവ്വാഴ്‌ച രാത്രി ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് ആൺകുഞ്ഞിന് ജൻമം നൽകിയത്.
വിമാനം ലണ്ടനിൽ നിന്ന് പുറപ്പെട്ട് അധികം വൈകാതെ തന്നെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. കാബിൻ ജീവനക്കാരെ വിവരമറിയിച്ചതിനെ തുടർന്ന് വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് ഡോക്‌ടർമാരെ കണ്ടെത്തി. കൊച്ചിയിലേക്കുള്ള യാത്രക്കാരായ രണ്ട് നഴ്‌സുമാരും സഹായത്തിനെത്തി. വിമാനത്തിലെ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഗാലി താൽക്കാലിക പ്രസവമുറിയാക്കി മാറ്റുകയായിരുന്നു.
വിമാനത്തിലെ തലയിണകളും തുണികളുമാണ് ഉപയോഗിച്ചത്. ഫസ്‌റ്റ് എയ്‌ഡ് കിറ്റ്, ഫിസിഷ്യൻസ് കിറ്റ് തുടങ്ങിയവയായിരുന്നു അടിയന്തര ഘട്ടത്തിൽ ആശ്രയമായത്. 7 മാസം ഗർഭകാലമായപ്പോഴായിരുന്നു പ്രസവം. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലായിരുന്നെങ്കിലും മൂന്ന് മണിക്കൂറിനകം യുവതിക്കും കുഞ്ഞിനും മെഡിക്കൽ സഹായം അത്യാവശ്യമാണെന്ന ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരം വിമാനം ഏറ്റവും അടുത്തുള്ള ജർമനിയിലെ ഫ്രാങ്ക്‌ഫുർട് വിമാനത്താവളത്തിൽ ഇറക്കി. 2 മണിക്കൂർ പറക്കലാണു ഫ്രാങ്ക്‌ഫുർട്ടിലേക്ക് ഉണ്ടായിരുന്നത്. രാത്രി 11നു വിമാനം ഫ്രാങ്ക്‌ഫുർട്ടിൽ ഇറക്കി.
എയർ ട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ടു വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സഹായം ഉറപ്പാക്കിയിരുന്നു. ഇറങ്ങിയ ഉടൻ റിമോട്ട് ബേയിലേക്കു മാറ്റി യുവതിയെയും കുഞ്ഞിനെയും ഇവരുടെ ഒരു ബന്ധുവിനെയും വിമാനത്തിൽ നിന്നിറക്കി ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് 6 മണിക്കൂർ വൈകിയാണ് വിമാനം കൊച്ചിയിൽ എത്തിയത്.
Also Read: ഗുജറാത്തിലെ കോടികളുടെ ലഹരിവേട്ട; കേസ് എൻഐഎ ഏറ്റെടുത്തു