തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയും ബിജെപി നേതൃത്വത്തെ കടന്നാക്രമിച്ചും മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശൻ. കേസിൽ നിർണായക തെളിവുകൾ പുറത്തുവിടുമെന്നും കൂടുതൽ വെളിപ്പെടുത്തൽ നടത്തിയാൽ ബിജെപി നേതാക്കൾ ബുദ്ധിമുട്ടിലാകുമെന്നും സതീശൻ തുറന്നടിച്ചു.
”പണം എത്രയാണെന്നും അത് ആർക്കെല്ലാം ലഭിച്ചുവെന്നും പറഞ്ഞിട്ടില്ല. പണം ബിജെപി ഓഫീസിൽ എത്തിയെന്ന് പറഞ്ഞപ്പോൾ തന്നെ ബിജെപി സംസ്‌ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും തന്നെ വ്യക്‌തിഹത്യ നടത്തുകയാണ്. രണ്ടുവർഷം മുൻപ് എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നാണ് ബിജെപിയുടെ ജില്ലാ അധ്യക്ഷൻ പറഞ്ഞത്. എന്നാൽ, അദ്ദേഹം പറഞ്ഞ സമയം കഴിഞ്ഞു ആറുമാസത്തോളം ഞാൻ ഓഫീസ് ചുമതലയിൽ ഉണ്ടായിരുന്നു.
ഓഫീസിലെ ഓഡിറ്റിങ് രേഖകൾ ഹാജരാക്കിയത് ഞാനാണ്. ഞാൻ പാർട്ടിയിൽ നിന്ന് സ്വമേധയാ പുറത്തുപോയതാണ്. പുറത്താക്കി എന്ന് പറയുന്നത് ഇവർക്ക് രക്ഷപ്പെടാൻ വേണ്ടിയാണ്. നുണകൾ തയ്യാറാക്കി ഇരിക്കുകയാണ് ബിജെപി നേതാക്കൾ. പോലീസിനോട് അടുത്ത ദിവസങ്ങളിൽ വിശദമായി കാര്യങ്ങൾ വെളിപ്പെടുത്തും”. സതീശൻ പറഞ്ഞു.
”സിപിഎം തന്നെ വിലയ്‌ക്ക് വാങ്ങിയെന്നത് വലിയ തമാശയാണ്. കുഴൽപ്പണക്കേസിൽ കള്ളപ്പണക്കാരനായ ധർമരാജൻ ആദ്യം ബന്ധപ്പെട്ടത് കെ സുരേന്ദ്രനെയും മകനെയുമാണ്. കള്ളപ്പണക്കാരനുമായി എന്താണ് സംസ്‌ഥാന അധ്യക്ഷന് ബന്ധം? മുൻപും ധർമരാജനിൽ നിന്ന് സുരേന്ദ്രൻ പണം വാങ്ങിയിട്ടുണ്ട്. കോഴിക്കോട് നിന്ന് കൊണ്ടുവന്ന ഒരുകോടി രൂപ സുരേന്ദ്രൻ കൈപ്പറ്റിയിട്ടുണ്ട്. ബാക്കി 35 ലക്ഷം രൂപയാണ് ധർമരാജൻ തിരുവനന്തപുരത്ത് വിവി രാജേഷിന് കൈമാറിയത്”- സതീശൻ വെളിപ്പെടുത്തി.
”ശോഭാ സുരേന്ദ്രനോട് സഹതാപം മാത്രമാണുള്ളത്. കോഴപ്പണം സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തുറന്നുപറയാൻ ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഡിസംബറിൽ സംഘടനാ തിരഞ്ഞെടുപ്പ് വരികയാണ്. ആ സമയം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞാൽ തനിക്ക് ഗുണം ഉണ്ടാകുമെന്നാണ് ശോഭ പറഞ്ഞത്.
ശോഭ ചേച്ചി മറ്റു നേതാക്കൾ പറയുന്നത് ഏറ്റുപിടിക്കുകയാണ്. ശോഭയെ ജില്ലാ ഓഫീസിലേക്ക് കടത്തരുതെന്ന് പറഞ്ഞയാളാണ് നിലവിലെ ജില്ലാ അധ്യക്ഷൻ അനീഷ് കുമാർ. സംസ്‌ഥാന വൈസ് പ്രസിഡണ്ട് ഓഫീസിൽ കടക്കുന്നത് തടയാൻ തനിക്ക് സാധിക്കില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. ശോഭ സ്വയം പരിഹാസ്യയാകരുത്. മറ്റൊരു അവതാരമായ വി മുരളീധരനും തനിക്കെതിരെ രംഗത്ത് വന്നിരുന്നു”- സതീശൻ പറഞ്ഞു.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ