കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ വിശ്വാസത്തിന്റെയും ഐതിഹ്യങ്ങളുടെയും കഥ പറയുന്ന ‘കൊടുങ്ങല്ലൂർ ഭരണി കാഴ്‌ച’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂർത്തിയായി.
കേരളത്തിലെ ശാക്‌തേയ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്‌തമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിന്റെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് ഡോക്യുമെന്ററി എന്നാണ് അണിയറ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നത്.
ക്ഷേത്രത്തിലെ പ്രധാന ആചാരമായ കൊടുങ്ങല്ലൂർ ഭരണി, അശ്വതി കാവുതീണ്ടൽ തുടങ്ങിയ ആചാര-അനുഷ്‍ഠാനങ്ങളുടെ ഐതിഹ്യങ്ങളും ചരിത്രവുമാണ് ഡോക്യുമെന്ററി പറയുന്നത്. ചരിത്ര വസ്‌തുതകളും ഗ്രന്ഥങ്ങളും കൊടുങ്ങല്ലൂർ കോവിലകത്തെ ചരിത്ര പണ്ഡിതരുടെ നിരീക്ഷണങ്ങളും ആഖ്യാനങ്ങളും ചരിത്ര പഠനങ്ങളും ഉൾപ്പെടുത്തിയാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം തയ്യാറാക്കിയിരിക്കുന്നത്.
ഫ്രൈയിം ടു ഫ്രെയിം ഫിലിമിന്റെ ബാനറിൽ മധുസൂദനൻ മാവേലിക്കരയും ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയും സംയുക്‌തമായി നിർമിക്കുന്ന ഡോക്യുമെന്ററി, സംവിധാനം ചെയ്‌തിരിക്കുന്നത് എഴുത്തുകാരനും മലയാള ചലച്ചിത്ര രംഗത്തെ പ്രൊഡക്ഷൻ കൺട്രോളറുമായ ഷാജി പട്ടിക്കരയാണ്. നടൻ ഇന്ദ്രൻസാണ് നരേഷൻ നടത്തിയിരിക്കുന്നത്. മാദ്ധ്യമ പ്രവർത്തകനും സിനിമാ പിആർഒയുമായ പിആർ. സുമേരനാണ് രചന.

‘ക്ഷേത്രത്തിന്റെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് ഈ ഡോക്യുമെന്ററി എങ്കിലും ക്ഷേത്രത്തിന്റെ ചരിത്രവും സംസ്‌കാരവും അർഹിക്കുന്ന പ്രാധാന്യത്തോടെ ഡോക്യുമെന്ററിയിൽ ഒരുക്കിയിട്ടുണ്ടെന്ന്’ സംവിധായകൻ ഷാജി പട്ടിക്കര അഭിപ്രായപ്പെട്ടു.
‘ഒരു ക്ഷേത്ര വിശേഷങ്ങൾക്കപ്പുറം മിത്തും യഥാർഥ്യവും തമ്മിലുള്ള വൈരുധ്യങ്ങളും പൊരുത്തങ്ങളും ആത്‌മീയതയുടെയും വിശ്വാസത്തിന്റെയും പിൻബലത്തിൽ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്’ പിആർ. സുമേരനും അഭിപ്രായപ്പെട്ടു.

ഫഹദ് അബ്‌ദുള്ളയാണ് ക്യാമറ. എഡിറ്റിങ്- അയൂബ് ഖാൻ, സൗണ്ട് ഡിസൈനർ- അരുൺ വർമ്മ, സൗണ്ട് മിക്‌സിങ്- ഹരിനാരായണൻ, പ്രൊഡക്റ്റ് ഡിസൈനർ- അജയ് ജോസഫ്, സബ് ടൈറ്റിൽസ്- നിസാം അസാഫ്, സ്‌റ്റിൽസ്- എകെ. ബിജുരാജ്, പോസ്‌റ്റ് ഡിസൈനർ- മനോജ് ഡിസൈൻ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.
Most Read| ഇരുചക്ര വാഹനത്തിൽ ഇനി അഭ്യാസം വേണ്ട; പുതിയ സുരക്ഷാ സംവിധാനങ്ങൾ വരുന്നു





































